അക്കിത്തത്തിന്റെ കാവ്യ സപര്യയിലൂടെ
അക്കിത്തം എന്ന മഹാനുഭാവൻ
'ശരിക്കു ചിന്തിച്ചാൽ ജനിച്ചു ഞാനെന്നു
ശഠിക്കുവാനില്ല തെളിവൊന്നും'
നരനായിങ്ങനെ എന്ന കവിതയിൽ അക്കിത്തം കുറിച്ചിട്ട ആശങ്ക. ഇത് ഇന്ന് അസ്ഥാനത്തായി. സാഹിത്യത്തിന്റെ രാജസിംഹാസനമായ ജ്ഞാനപീഠത്തിൽ ഉപവിഷ്ഠനായപ്പോൾ ചരിത്രത്തിന്റെ താളുകൾ സുവർണ്ണ ലിപികളിലാണ് അദ്ദേഹത്തിന്റെ നാമം ആലേഖനം ചെയ്തിരിക്കുന്നത്. ഭാരതത്തിൽ ഒരു എഴുത്തുകാരനുള്ള പരമാദരമായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വാർത്ത അറിഞ്ഞപ്പോൾ നിത്യനിർമലമായ പുഞ്ചിരി മാത്രമായിരുന്നു അക്കിത്തത്തിന്റെ മുഖത്ത്.
മനുഷ്യന്റെ ദൈനംദിന യാതനകളെപ്പറ്റിത്തന്നെയാണ് അക്കിത്തത്തിന് ഏറെയും പറയാനുള്ളത്. അന്യവത്കരണം എന്ന മാർക്സിയൻ ചരിത്രവിശകലനരീതിയുപയോഗിച്ച് വിവരിക്കാവുന്ന മട്ടിൽ നിന്ദ്യനും നിസ്വനും നിരാകൃതനുമാണ് അക്കിത്തം കവിതയുടെ കേന്ദ്രത്തിൽത്തന്നെയുളള മനുഷ്യൻ.
ചങ്ങമ്പുഴ, മലയാളകവിതയ്ക്കു സമ്മാനിച്ച അതിമാർദവത്തിന്റെയും അതിമാധുര്യത്തിന്റെയും കസവുപിടിപ്പിച്ച കാവ്യനർത്തകീ വസ്ത്രത്തിൻ നിന്നും നമ്മുടെ കവിത പുറത്തു കടന്നത് ഇടശ്ശേരിയുടേയും വൈലോപ്പിള്ളിയുടേയും എൻ.വി.യുടേയും ബാലാമണിയമ്മയുടെയും അക്കിത്തത്തിന്റെയും പരുക്കൻ കാവ്യശൈലിയിലൂടെയാണ്. തൂനിലാവിൽ നിന്ന് പൊരിവെയിലിലേക്കും 'പൂവണി നടക്കാവു' കളിൽ നിന്ന് 'ചെളിക്കുഴമ്പണിവരമ്പു' കളിലേക്കുമുള്ള കാവ്യഭാവനയുടെയും കാവ്യഭാഷയുടെയും വഴിമാറി നടപ്പുകൂടിയായിരുന്നു അത്. ഗദ്യത്തിൽ നിന്ന് ഏറെയൊന്നും ഭിന്നമല്ലാത്ത പദ്യമാണവരെഴുതിയത്. പതഞ്ഞൊഴുകുന്ന ദ്രവത്വത്തെക്കാൾ മുറുകിക്കുറുകിയ ഖരത്വമാണതിനുള്ളത്.
ഭൂതദയ, കാരുണ്യം, കണ്ണീരിന്റെ അന്വേഷണം, മൂല്യബോധം എന്നിവയാവണം കവിതയുടെ ലക്ഷ്യമെന്ന് കാവ്യഗുരു ഇടശ്ശേരി പഠിപ്പിച്ച കാവ്യകലയുടെ ഒന്നാം പാഠം കവിതയെഴുതാനിരിയ്ക്കുമ്പോഴെല്ലാം അക്കിത്തം അനുസ്മരിക്കാറുണ്ടായിരുന്നു. ഹൃദയത്തിലേക്ക് നോക്കി എഴുതു എന്ന് അദ്ദേഹം തന്നെ അദ്ദേഹത്തോട് പറയുമായിരുന്നു. അവനവന്റെ ഹൃദയമാണ് അവനവന്റെ ആത്മാർത്ഥത.
ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യനെ അവന്റെ എല്ലാ ശക്തി ദൗർബല്യങ്ങളോടും കൂടി ദർശിച്ച മഹാകവിയാണ് അക്കിത്തം. വി.ടി.യുടെ സാമുദായിക പരിഷ്കരണ പ്രസ്ഥാനത്തിലാരംഭിച്ചതാണ് അക്കിത്തത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതം. ആദ്യകാലത്ത് അക്കിത്തത്തിന്റെ കാവ്യദർശനം, ആധുനിക മനുഷ്യനെ തിരഞ്ഞുള്ള യാത്രയായിരുന്നു. 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു' എന്ന വി.ടി.യുടെ വചനം പിന്തുടർന്ന് ഒരു ഘട്ടത്തിൽ അക്കിത്തത്തിലെ കവി വിഹ്വലമായ ഒരാത്മദർശനത്തിലെത്തിച്ചേരുന്നുണ്ട്.
മനുഷ്യന്റെ സാമൂഹികവും ആത്മീയവുമായ വിമോചനമായിരുന്നു അക്കിത്തം കവിതകളുടെ രാഷ്ട്രീയാന്വേഷണത്തിന്റെ കാതൽ. അതിന് ഏതു കാലത്തും വളരെ പ്രസക്തമായ ഭൗതികവും ആത്മീയവുമായ മനുഷ്യദർശനങ്ങളുടെ ഒരു സവിശേഷ സമന്വയം അദ്ദേഹം തന്റെ കവിതകളിലൂടെ സൃഷ്ടിച്ചെടുത്തു. കമ്മ്യൂണിസവും കാൾ മാർക്സും വേദോപനിഷത്തുകളും ഇതിഹാസങ്ങളും വേദവ്യാസനുമൊക്കെ ആ മനുഷ്യാത്മീയതയ്ക്ക് വേണ്ടിയുള്ള സത്യാന്വേഷണത്തിൽ അക്കിത്തത്തിനു പാഠപുസ്തകങ്ങളായിത്തീർത്തിട്ടുണ്ട്.
ജീവിതത്തിന്റെ ആദിമദ്ധ്യാന്തങ്ങൾ നിബന്ധിക്കപ്പെട്ടിരിക്കുന്നത് നിരുപാധികമായ സ്നേഹത്തിലാണ് എന്ന സമഗ്രബുദ്ധധർമ്മത്തിലെത്തിച്ചേരാനാണ് അക്കിത്തത്തിന്റെ കവിത ഇത്രയും കാലം സഞ്ചരിച്ചുപോന്നിട്ടുള്ളത്. മറ്റൊരു ജീവനെ സ്നേഹിക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നുള്ളു എന്ന ബുദ്ധതത്ത്വത്തെ മുൻനിർത്തി കുമാരനാശാനെപ്പോലെ അക്കിത്തവും തന്റെ ജീവിതം സ്നേഹത്തിന്റെ പ്രത്യയശാസ്ത്രവും പ്രയോഗവുമാക്കിത്തീർത്തു.
തകർന്നടിഞ്ഞു പോയ സ്വതന്ത്രഭാരതമെന്ന ഭാവനയെ ആദർശാത്മകഭൂതകാലം കൊണ്ട് ആദേശം ചെയ്യാൻ ശ്രമിച്ച കവികളിലൊരാളാണ് അക്കിത്തം. എന്നാൽ ഈ ആദർശാത്മക ഭൂതകാലം ആദ്യകാലത്ത് ഗുപ്തമായിരുന്നെങ്കിൽ പിൽക്കാലത്ത് അത് 'ഇന്ത്യൻ തത്വചിന്ത' യുടെ രൂപത്തിൽ കവിതകളിൽ പ്രകടമാകുന്നത് കാണാം ആയതിനാൽ അക്കിത്തത്തിന്റെ ആദർശാത്മക ഭൂതകാലം ഇന്ത്യൻ തത്വചിന്തയുടെ രൂപത്തിലാണ് അദ്ദേഹത്തിന്റെ കവിതകളിൽ പ്രതിനിധീകരിക്കപ്പെടുന്നത്.
ഒ.വി. വിജയനെപ്പോലെ മറ്റൊരു ഇതിഹാസകാരനാണ് അക്കിത്തം. ജ്ഞാനതൃഷ്ണ, നിരീക്ഷണം, അപഗ്രഥനസ്വഭാവം, തത്ത്വവിചാരം, ശാസ്ത്രജ്ഞാനം എന്നിവയെല്ലാം കൂടിക്കലർന്ന കവിയുടെ വ്യക്തിത്വത്തിന്റെ സ്വയംചിത്രമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. ഇതിന്റെ പശ്ചാത്തലം നാം പിന്നിട്ട രണ്ടു മൂന്ന് വ്യാഴവട്ടങ്ങളുടെ ചരിത്രമാകയാൽ ഈ കാലഘട്ടത്തിൽ ജീവിച്ച ഏതൊരാളുടേയും പ്രാഥമിക മാനസികഭാവങ്ങളുമായി കവിയുടെ ചിത്രത്തിന് സാദൃശ്യമുണ്ട്. അതുകൊണ്ട് കവിയുടെ ചിത്രം സങ്കീർണമായ ജീവിതത്തിന്റെ എല്ലാ അടിയൊഴുക്കുകളും ഉൾക്കൊണ്ട ഇരുപതാം നൂറ്റാണ്ടിലെ ഒരു മനുഷ്യന്റെ ചിത്രമായും രൂപാന്തരപ്പെടുന്നു എന്ന് എൻ.പി മുഹമ്മദ് കവിതയുടെ അവതാരികയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മലയാളകവിതയിൽ പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിൽ പാലമായി നിന്ന അക്കിത്തം അച്യുതൻ നമ്പൂതിരി സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് 55-ാം ജ്ഞാനപീഠപുരസ്കാരം അദ്ദേഹത്തിനു സമ്മാനിക്കുന്നത്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. സാഹിത്യകാരി പ്രതിഭാറായ് അധ്യക്ഷയായ സമിതി ഏകകണ്ഠമായാണ് അക്കിത്തത്തെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. 11 ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
എഴുതിയ 55 പുസ്തകങ്ങളിൽ നാല്പത്തിയഞ്ചും കാവ്യസമാഹാരങ്ങൾ ഇവ കൂടാതെ ചെറുകഥകളും നാടകവും ലേഖനങ്ങളും ബാലസാഹിത്യവും എഴുതിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിലും 'ഉണ്ണി നമ്പൂതിരി', 'മംഗളോദയം', 'യോഗക്ഷേമം' എന്നിവയിൽ പത്രപ്രവർത്തകനായും ജോലി ചെയ്തു. രണ്ടു തവണ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, മൂർത്തീദേവിപുരസ്കാരം, വയലാർ അവാർഡ്, മാതൃഭൂമി പുരസ്കാരം, കബീർസമ്മാൻ തുടങ്ങിയ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുള്ള അക്കിത്തത്തെ 2017-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
'വെളിച്ചം ദുഃഖമാണുണ്ണീ
തമസല്ലോ സുഖപ്രദം'








