എൻ്റെ ക്ലാസ് മുറി
ക്ലാസ്സ് മുറി എന്നും ഒരു സുഗന്ധമുള്ള ഓർമ്മയാണ്. അവിടുത്തെ അനുഭവങ്ങൾ എന്നും ഉള്ളിൽ തട്ടി നിൽക്കും. കാലങ്ങൾ പിന്നിട്ടാലും ഒരുവട്ടം കൂടി തന്റെ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹിച്ച കവിയിൽ നിന്നും വ്യത്യസ്തരല്ല നാം ഓരോരുത്തരും.
എന്റെ സഹപാഠികളെ, അദ്ധ്യാപകരെ എല്ലാം പരിചയപ്പെട്ട ഇടമാണ് ക്ലാസ്സ് മുറി. നല്ല സൗഹൃദങ്ങൾ കിട്ടി, പ്രഗത്ഭരായ അദ്ധ്യാപകരുടെ സഹവർത്തിത്വം കിട്ടി. ഇതിലും വലുതായി എന്താണ്. ഒരു സർവകലാശാല നൽകുന്ന ബിരുദത്തിന് ഉപരിയാണിത്. കലാലയത്തിന്റെതായ അനുഭവ വിശേഷങ്ങൾ സായാഹ്ന ക്ലാസ്സുകൾക്ക് അവകാശപ്പെടാനില്ലെങ്കിലും നാലു ചുമരുകൾക്കുള്ളിൽ തീർത്ത അറിവിന്റെയും സൗഹാർദ്ദത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങൾക്ക് പകരം വയ്ക്കാനാകില്ല.
സാധാരണ ക്ലാസ്സ് അവസാനിക്കുമ്പോൾ പൂർണ്ണ വിരാമം പോലെ അനുഭവങ്ങൾ എഴുതാറുണ്ട് .എന്നാൽ പാതി വഴിയിൽ വച്ച് എഴുതുമ്പോൾ അത് അപൂർണ്ണമല്ലേ എന്ന ഒരു സംശയം ബാക്കിയാവുന്നു . എല്ലാ ക്ലാസ്സിലേയും കുട്ടികൾ ഏകദേശം ഒരേ തരക്കാരാകും , ഒരേ നിലയിലുള്ളവരാകും. എന്നാൽ ഇവിടെ പല മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ പല നിലയിൽ പ്രവർത്തിച്ചവർ, വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ, ഓരോരോോ പ്രായത്തിലുള്ളവർ ... ഇങ്ങനെ പോകുന്നു ആ ശ്രേണി.
ഈ അനുഭവക്കുറിപ്പ് എങ്ങനെ വേണമെങ്കിലും എഴുതാം. ഇവിടുത്തെ അദ്ധ്യാപകരുമായും സഹപാഠികളുമായും ഉള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയെപ്പറ്റി ... ഇവിടെ കേട്ട .. ഇവിടെ മാത്രം കേട്ട അറിവുകളെപ്പറ്റി... പ്രോത്സാഹനത്തെ... അഭിനന്ദനങ്ങളെ... നൂതന കാഴ്ചപ്പാടുകളെ.. വ്യത്യസ്ത അനുഭവങ്ങളെപ്പറ്റി... അങ്ങനെയങ്ങനെ എന്തൊക്കെ... പക്ഷേ ഞാൻ പടിയിറങ്ങുന്ന ദിനത്തെ ഭാവന ചെയ്തുകൊണ്ട് ഒരു തിരിഞ്ഞുനോട്ടം നടത്താൻ പോവുകയാണ്. ഒരു പഴയ ഓർമ്മക്കുറിപ്പിന്റെ ശീലിൽ...
വേർപാട് വേദനയാണ് ഈ ക്ലാസ്സ് മുറിയോട് വിടപറയുവാൻ ഇനി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം...
ജീവിതത്തെ തൊട്ടുരുമ്മിക്കടന്നു പോയവർ, മനസ്സിന്റെ മൃദുവായ ഏതോ കോണിൽ സ്വയം കടന്നിരുന്നവർ, സ്‌നേഹംകൊണ്ട് കടപ്പെടുത്തിയവർ, വേർപാടുകൊണ്ട് വേദനിപ്പിച്ചവർ, അകലെയായിരുന്നെങ്കിലും അടുത്തുണ്ടെന്ന് തോന്നിച്ചവർ - അവരോരുത്തരും എന്നിവശേഷിപ്പിച്ച ഓർമ്മകളുടെ സുഗന്ധവും, അനുഭവങ്ങളുടെ മാധുര്യവും കേട്ടതും കേൾക്കാത്തതുമായ മൊഴികളുടെ ലാവണ്യവും പേറി ഞാൻ ഈ പടവുകൾ ഇറങ്ങുന്നു.
"സ്‌നേഹാർദ്രമൂകം വിടപറയാൻ
നിൻ നേർക്കു നീളും നിറമിഴിയേതോ?
വരവേൽക്കയായ് ഏകാന്ത വീഥി!
പഥികാ, വരൂ, വരൂ,
പകലും മറഞ്ഞു!......"
സ്‌നേഹത്തിന്റെ പർണ്ണശാലയിൽ യാത്രാമൊഴി ചൊല്ലി ഞാനിറങ്ങുകയായി. കൈയ്യിൽ അറിവിന്റെ തീർത്ഥവും മനസ്സിൽ ഓർമ്മതൻ ചെപ്പുമായി പടിയിറങ്ങുമ്പോൾ ഹൃദയമാം ഇടയ്ക്കയിൽ നെടുവീർപ്പിന്റെ ശീലുകൾ ഉയരുന്നു.
സ്മൃതിപഥങ്ങളിലെവിടെയോ ഒരു രജതരേഖപോലെ പോക്കുവെയിൽ മായുന്നു. പൊയ്‌പ്പോയ വർഷങ്ങളുടെ നിനവുകളും വരും കാലങ്ങളുടെ നിറമാർന്ന കിനാവുകളും നിറഞ്ഞ മനസ്സോടെ ഏറ്റു വാങ്ങിക്കൊണ്ട് ഞാൻ യാത്രയാകുന്നു.... നമ്മുടെയെല്ലാം മനസ്സിലെ നടുമുറ്റങ്ങളിൽക്കൂടി തന്നെ നടന്നു നീങ്ങുന്നു .
"നന്ദി! എൻ ജീവിതമേ നന്ദി! - നീ തന്നതിനെല്ലാം നന്ദി!"
ചങ്ങാതി,
പ്രതിഫലനങ്ങളുടെ ഇരുണ്ട വെളിച്ചമെങ്കിലുമെത്താത്ത ഇടവഴികളുണ്ടാകാറില്ല.....! പുലരിയുടെ ഓരോ പൊൻവെളിച്ചവും ഇരുട്ടിന്റെ കോട്ടകൾ തകർത്തെറിയുമ്പോൾ നാം കണ്ട സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ നമുക്കു കഴിയട്ടെ.......!
യാത്രയാകുമ്പോൾ അറിയുന്നു ഞാൻ, കാലമെനിക്കു മുമ്പേ പടികളിറങ്ങുന്നുവെന്ന്. മനസ്സിലിനി ഒരേയൊരാശ.
''തിരിഞ്ഞൊന്നു നോക്കട്ടെ, ഒരു വട്ടം കൂടി'' എങ്കിലും ഏതോ വിമൂകമായൊരു നൊമ്പരം പിൻവിളിക്കുന്നു.... അത് നിഴൽ നഷ്ടപ്പെട്ടവന്റെ നിലവിളിയായിരുന്നു !!!
''ഇത്രവേഗം പിരിയുവാനാണെങ്കിലെന്തിനാണു നാം, മൊന്നിച്ചതിങ്ങനെ''

No comments:
Post a Comment