Sunday, December 29, 2019

എന്റെ സഞ്ചാര വഴികളിലൂടെ ഒരിക്കൽ കൂടി..


 'ഓർമ്മകൾ വില്പനയ്ക്ക് '


നാട്ടിലേക്കുള്ള ട്രെയിൻ വരാൻ നന്നേ വൈകി. ഒറ്റപ്പാലം സ്റ്റേഷനിൽ ഞാൻ മാത്രം.  എന്തോ ഇന്ന് യാത്രക്കാർ തീരെ ഇല്ല.
പ്ലാറ്റഫോമിൽ ഒരുപാട് കാക്കകൾ കൂട്ടംകൂടി നിൽക്കുന്നുണ്ട്. ആരുടെയോ  വരവ് കാത്ത് നിൽക്കുന്നതുപോലെ... അവർ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. എന്തോ പിറുപിറുക്കുന്നുണ്ട്.... ഇത്രേം നേരം ഒളിഞ്ഞിരുന്ന സൂര്യൻ മേഘങ്ങളെ  തള്ളിനീക്കി പുറത്ത് വന്നു... (പാലക്കാട്ടുകാരും സൂര്യനും പണ്ടേ പിരിമുറുക്കത്തിലാണ് ).
 
            പകൽവെയിൽ മുഖത്തു തട്ടി...ഇരുന്നിരുന്ന ബെഞ്ചിൽ നിന്നും ഞാൻ എഴുന്നേറ്റു അല്പം മാറി നിന്നു.  അങ്ങനെ മണിക്കൂറുകൾ  ഇഴഞ്ഞു നീങ്ങി.  ട്രെയിൻ വരാറായി എന്ന് അറിയിപ്പുണ്ടായി.

എവിടുന്ന് എന്നറിയില്ല.... യാത്രക്കാർ പ്ലാറ്റ്ഫോമിലേക്ക്  ഒഴുകിവന്നു ... ട്രെയിനിൽ നില്പായി. സൂചികുത്താൻ കൂടി സ്ഥലമില്ല...

        ഇത്രേം തിരക്കിനിടയിൽ ഒരു സ്ത്രീ എന്റെ കൈയിൽ ഒരു തുണിസഞ്ചി ഏല്പിച്ചിട്ട് പറഞ്ഞു, 'കുട്ടീ... ഇതൊന്നു പിടിക്കണേ, ഞാൻ ഇപ്പവരാട്ടോ'... ഞാൻ ഒന്നും പറഞ്ഞില്ല
  നല്ല ഭാരമുണ്ട്, അത് വാങ്ങി സൈഡിൽ ഒതുക്കി വച്ചു.  ഒരു കെട്ട് പുസ്‌തകങ്ങളുമായി അവർ തിരക്കിനിടയിലേക്ക്അപ്രത്യക്ഷമായി.
     സഞ്ചിയിൽ ഒരുപാട് പുസ്‌തകങ്ങൾ ഉണ്ടായിരുന്നു. എല്ലാം ഒന്ന് ഓടിച്ചു നോക്കണം എന്നുണ്ട് . പക്ഷെ  തിരിയാൻ കൂടി സ്ഥലം കിട്ടണ്ടേ... ഇടയിൽ എപ്പഴോ ഞാൻ നിൽക്കുന്ന കംപാർട്ട്‌മെന്റിൽ   കൂടി അവർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടു ,  ഒരു ലോഡ് പുസ്തകവും ഏന്തി... അവർ എവിടാ ഇറങ്ങുന്നത് എന്ന് എനിക്കറിയില്ല...
അവർ വില്പനക്കിടയിൽ ഇറങ്ങേണ്ട സ്റ്റേഷൻ വിട്ടുപോയാലോ എന്ന് ഞാൻ പേടിച്ചു. മാത്രമല്ല എന്റെ കയ്യിലല്ലേ അവരുടെ ബാക്കി പുസ്‌തകങ്ങൾ......  !!

ചായക്കാരൻ ക്യാനിസ്റ്ററുമായി അതുവഴി കടന്നു. രാവിലെ ഇറങ്ങിയതാ.... ഇതുവരെ തൊണ്ട നനച്ചിട്ടില്ല....

  അപ്പോഴേക്കും തൃശ്ശൂരായി,  കുറേപേർ അവിടെ ഇറങ്ങി. അങ്ങനെ ഒരു  മണിക്കൂർ നീണ്ട നിൽപിന് വിരാമം കുറിച്ചു....
  ട്രെയിൻ നീങ്ങി.. ഉച്ച വെയിൽ അസഹനീയമാണ്.... ഒഴിഞ്ഞ പേപ്പർ കപ്പ്‌ ജനാലകമ്പിയിലേക്ക് ചാരിവെച്ചു. തുണിസഞ്ചിയിൽനിന്ന് ഒരു പിടി പുസ്‌തകങ്ങൾ മടിയിലേക്ക് എടുത്ത് വെച്ചു.....

   '  ങ്ങേ.. കുട്ടിയിരുന്നുവോ.. എത്ര നേരായിട്ട് നില്ക്ക്യാ......'അവർ എന്റെ മുന്നിലെ ഒഴിഞ്ഞ സീറ്റിൽ ഇരുന്നു.., 'ഇപ്പഴാ ശ്വാസം നേരെവീണത്... ന്താ ഉഷ്ണം ല്ലേ!'   ഒരു ദീർഘനിശ്വാസത്തിൽ അവർ പറഞ്ഞു.
സാരിതുമ്പുകൊണ്ട് മുഖമൊക്കെ ഒപ്പി, അത് നിവർത്തിപിടിച്ച ഒന്നോ രണ്ടോവട്ടം വീശി.

അവർ  വിദൂരതയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് ഇരിപ്പായി . ട്രെയിനിൽ ഇടയ്ക്ക്ക്കിടെ ഉച്ചത്തിൽ കരയുന്ന കുട്ടിയെ അവർ വാത്സല്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

പ്രായത്തിന്റെ ക്ഷീണം കണ്ണുകളിൽ കൊത്തിവെച്ചിട്ടുണ്ട്, അതിനുപുറമെ  പണ്ടെപ്പഴോ എഴുതിതള്ളിയ ഒരുകഥ കൂടി പറയാൻ അവർക്കുണ്ടായിരുന്നു ...
അതിനിടയിൽ എപ്പഴോ അവർ ഒന്ന് മയങ്ങി... പുസ്‌തകം വില്പനക്കാരിയാണെന്ന് കണ്ടാൽ പറയില്ല. വെള്ളിനരകൾ ധാരാളമുണ്ട്.  ഇളം പച്ച ഓയിൽ സാരി. പ്രായം ഏകദേശം അറുപത് .. ഏറിപ്പോയാൽ അറുപത്തിയഞ്ച്. നേരിയ ഭസ്മക്കുറി ഏറെക്കുറെ മാഞ്ഞിരിക്കുന്നു.....
തിരക്ക് എങ്ങോട്ടോ അലിഞ്ഞുപോയി .
ഞാനും ആ സ്ത്രീയും മാത്രം.

അമ്മയ്ക്ക് എവിടെ ഇറങ്ങാനാ?
'ആലുവ'
'കുട്ടിയൊ ? '

'ചെങ്ങന്നൂർ'

'കുട്ടി ജോലിചെയ്യാണോ'

'അല്ല...പഠിക്കുകയാണ്.. '

എന്റെ മടിയിൽ എടുത്തുവയ്ച്ച പുസ്‌തകങ്ങൾ ഓരോന്നായി ഞാൻ മറിച്ചുനോക്കി.

     കേശവന്റെ വിലാപങ്ങൾ, മഞ്ഞ്,  സ്മാരകശിലകൾ, വേരുകൾ, ഇന്ദുലേഖ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ... എന്നിങ്ങനെ ഓടുപാട്‌ പുസ്‌തകങ്ങൾ.പക്ഷെ ഇവർക്കെല്ലാം ഒരു പ്രത്യേകത ഉണ്ടായിരുന്നു. എല്ലാം ഉപയോഗിച്ചവ ആയിരുന്നു.  പല പേജുകളിൽ ചുവപ്പും നീലേം മഷികൊണ്ട്  അണ്ടർലൈൻ ചെയ്തിട്ടുണ്ട്.  വായിച്ചു നിർത്തിയതിന്റെ അടയാളമായി പേജുകൾ മടക്കി വച്ചിട്ടുമുണ്ട്.

എന്നെ കുറെ നേരം നിരീക്ഷിച്ചിട്ടുണ്ടാകും അവർ .
കുട്ടി... വായിക്കുമോ?
'മ്മ്മ്... കുറച്ചൊക്കെ..'...'അല്ല അമ്മേ.... ഈ പുസ്തകങ്ങൾ ഒക്കെ ഉപയോഗിച്ചതല്ലേ..... ആൾകാർ വാങ്ങുവോ? '

'...ചിലർ വാങ്ങും.. '

'പുസ്തകങ്ങൾ അമ്മേടേതാണോ??... ഉള്ളിൽ വരച്ചിട്ടൊക്കെ ഉണ്ടല്ലോ... '
............
.........
.......
....
..
    സംഭാഷണം അവസാനിച്ചു എന്ന് സൂചിപ്പിക്കാനായി അവർ നല്ല ഒരു ചിരി ചിരിച്ചു. കണ്ണുകൾ ദൂരെയെവിടേക്കോ ആഴത്തിൽ ഇറക്കിവെച്ചു.

...............
ആലുവ അടുക്കാറായി എന്ന് തോന്നുന്നു.... അവർ അവരുടെ പുസ്‌തകങ്ങൾ ഒക്കെ ഒതുക്കി സഞ്ചിയിലാക്കി.
എന്റെ കൈയിലുള്ള പുസ്തകകെട്ട് അവരെ ഏൽപിക്കവേ
        'ഈ പുസ്‌തകതിനെത്ര?  കൈയിലിരുന്ന പുസ്‌തകത്തെ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു.
'120 രൂപ...'
         ....  അവരുടെ കണ്ണുകൾ നനഞ്ഞു

ആലുവയിൽ ട്രെയിൻ നിർത്തി...

'ഇറങ്ങട്ടെ.. ', അവർ പതിഞ്ഞസ്വരത്തിൽ പറഞ്ഞു

'.... ഇനി എന്നാ മടക്കം?

'അറിയില്ല്യകുട്ട്യേ '....
               അവർക്കൊപ്പം ഞാനും ഡോറുവരെ നടന്നു...

എന്തൊക്കെയോ ചോദിക്കാൻ ബാക്കി വച്ചതുപോലെ.. പ്ലാറ്റ്ഫോമിൽ ഇറങ്ങിയ അവർ കൈകൊണ്ട് വെയിൽ മറച്ചുകൊണ്ട് പറഞ്ഞു.... 'പോവ്വാട്ടോ.... കാണാം എപ്പഴേലും... ' അവരുടെ  കണ്ണുകളിൽ തിളങ്ങിനിന്ന വെട്ടം കൺകുളിർക്കെ കണ്ടുകൊണ്ട് മിഴിചിമ്മാതെ ഞാൻ അവിടെത്തന്നെ നിന്നു.
അവർ നടന്നു.... ആൾക്കൂട്ടത്തിലേക്ക് മറ്റാരെയും പോലെ.

{...... അവർ പറഞ്ഞത് ഞാൻ ഓർത്തു
'ഇതൊക്കെ മാഷ് എനിക്ക് തന്ന പുസ്തകങ്ങളാ....  '
'മാഷോ?  മാഷ്ന്ന് വച്ചാൽ ? പഠിപ്പിച്ച....  '

" അല്ല കുട്ട്യേ....കിഷോറിന്റെ  അച്ഛനാ..നീലകണ്ഠൻ വാദ്യാര്  "
"അമ്മ മാഷിനെ കാണാൻ പോവ്വാണോ ആലുവയ്ക്?"
"മാഷ്‌പോയിട്ട്  ഒരുവർഷം തികയുന്നു... "...അവർ തുടർന്നു, "ആണ്ടു ബലിയിടാൻ വേണ്ടി ആലുവയ്ക്ക് വന്നതാ... "

"അപ്പോ... ഈ പുസ്തകങ്ങൾ... " ഞാൻ പൊരുളറിയാൻ ചോദിച്ചു.

"ഒരു മകനുണ്ട്., അങ്ങ്  ഹൈദ്രാബാദിലാണവൻ ,  അച്ഛൻ പോയപ്പോൾ വരാൻ കൂടി കൂട്ടാക്കിയില്ല.... എന്താ ചെയ്യാ... വളർത്തുദോഷം എന്നൊക്കെയാ ആൾകാർ പറയുന്നേ....കേട്ടിരിക്കാൻ നിവർത്തിയില്ല്യ  കുട്ട്യേ.... "

"വീട്ടുവാടക മാഷിന്റെ ശമ്പളത്തിൽ നിന്നാ അടച്ചോണ്ടിരുന്നേ.... ഇനീം രണ്ട് മാസത്തെക്കൂടി അടയ്ക്കാനുണ്ട്... മാഷ് വയ്യാണ്ടായി RCC യിൽ  കിടപ്പിലായപ്പോൾ സമ്പാദിച്ചതെല്ലാം കഴിഞ്ഞു"
"അമ്മ ജോലിക്ക്പോകുന്നുണ്ടായിരുന്നോ? "
"ഉവ്വ്.. റവന്യുയിലായിരുന്നു അങ്ങ് തിരുവനന്തപുരത്ത് . ട്രാൻസ്ഫർ വാങ്ങാൻ കൂടി മാഷ് സമ്മതിച്ചില്ല... കിഷോറിനെ നോക്കാൻ വേണ്ടി മാഷ് തന്നെ എന്നോട്  ജോലിയുപേക്ഷിക്കാൻ പറഞ്ഞു ..... ".
പണ്ട് മാഷ് പറയുവായിരുന്നു.. "കിഷോർ വരുമ്പോൾ കുറെ ബുക്കൊക്കെ കൊടുത്തു വിടണം എന്ന്...പേരകുട്ട്യോൾക്ക് വായിക്കാനേ...  "

"എന്നിട്ടോ"

"അവസാനമൊക്കെ ആയപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു ഇതൊക്കെ കൊണ്ട് വിൽക്കാൻ.... "...." ആലുവയിൽ അദ്ദേഹത്തിനറിയുന്ന ഒരു ബുക്ക്‌ സ്റ്റോർ ഉണ്ട്... അവിടെ കൊണ്ട് വില്കാന്നാണ് ഉദ്ദേശിക്കുന്നെ... വാടക എങ്ങനേലും അടച്ചേ തീരു... "}

ഞാൻ സീറ്റിൽ വന്നിരുന്നു.  ഒരുപക്ഷെ സിനിമകളിലും നാടകങ്ങളിലും മാത്രം  നടക്കാൻ  സാധ്യതയുള്ള വിഷയം, ഇതൊക്കെ the so called 'real life' ൽ നടക്കുമോ എന്ന് ഞാൻ അമ്പരന്നുപ്പോയി...  എന്തോ വിശ്വസിക്കാതെ ഇരിക്കാൻ പറ്റിയില്ല..

     [. ജനൽ കമ്പിയിൽ ചാരിവെച്ച പേപ്പർ കപ്പ്‌ കാറ്റടിച്ച് പാളത്തിലേക്ക് വീണു. അതിനെ കാണാനായി ഞാൻ ആവുന്നത്ര എത്തിനോക്കി... കണ്ടു... പക്ഷെ അതെങ്ങോട്ടോ തട്ടിത്തെറിച്ചു പോയി... ]

വാങ്ങിയ പുസ്‌തകം ഞാൻ തുറന്നു..
    'ദൈവത്തിന്റെ വികൃതികൾ'

അതിന്റെ ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നു..

'... ജീവിതത്തിന്റെ  പടിയിറങ്ങുമ്പോൾ,  .... ഒരുമിച്ചു നനഞ്ഞ മഴയുടെ കുളിരും  പിന്നെ... പഴുക്കാതെ കൊഴിഞ്ഞ ഇലകളുടെ വിലാപവും മാത്രം ഞാൻ കൂടെ കൊണ്ടുപോകും....
....... പ്രിയപ്പെട്ട സുലോചനയ്ക്ക് '
                           -17/10/1996
                             എടപ്പാൾ

എവിടോ പാളം  തെറ്റിയ തീവണ്ടി പോലെയായിരുന്നു  അവരുടെ ജീവിതം. ആർക്കോ വേണ്ടി യാത്രചെയ്യേണ്ടി വന്ന വെറും കൽക്കരിവണ്ടി.....

ഉച്ചകഴിഞ്ഞപ്പൊഴെക്കും ചെങ്ങന്നൂരിൽ എത്തി. പല ഇടങ്ങളിലായി  കാക്കകൾ കൂട്ടംചേർന്നു നില്പുണ്ട്... വീണ്ടും ആരെയോ കാത്ത്,  കണ്ടുമുട്ടലുകൾക്ക് സാക്ഷ്യം വഹിക്കാനത്രേ.... !
ഒരു ഇളം കാറ്റ് വീശി,...

"ഇപ്പ പെയ്യും", ആരോ ഉച്ചത്തിൽ പറഞ്ഞു...
കാറ്റ് ഈറനണിഞ്ഞു, മാനം ഇരുണ്ടുകൂടി... ചാറ്റൽ മഴയിൽ  ആരംഭിച്ചത്  ചറപറ ആഞ്ഞുപെയ്തു.
 
                ...... ഒരുപക്ഷെ, ഇത് അവരുടെ തേങ്ങലാകും.





No comments:

Post a Comment