Monday, January 13, 2020

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും ലക്ഷം ദീപങ്ങളുടെ പ്രഭയിൽ

https://www.manoramanews.com/news/kerala/2020/01/15/sree-padmanabhaswamy-temple-murajapam.html

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും ലക്ഷം ദീപങ്ങളുടെ പ്രഭയിൽ


ആറു വർഷത്തിലൊരിക്കൽ നടത്തുന്ന, 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപത്തിന് സമാപനം കുറിച്ച് മകര സംക്രാന്തി ദിനമായ 15-നാണ് ലക്ഷദീപം. പദ്മതീർഥക്കരയും പരിസരവും ദീപമേന്താൻ ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ മുഖപ്രസാദമായ കുംഭഗോപുരത്തിൽ വൈദ്യുതവിളക്കുകൾ മാലകോർക്കുകയാണ്. ദീപക്കാഴ്ചയും പൊന്നും ശീവേലിയും കാണാൻ ഭക്തർ കാത്തിരിക്കുന്നു. ദേശനാഥന്റെ മഹനീയാചാരത്തിന് പുരാതനമായ രാജകീയാസ്ഥാനം കോടിയുടുത്തു കഴിഞ്ഞു.


ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ശീവേലി ദർശിക്കാനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ക്ഷേത്രത്തിനുൾവശം എന്നിവിടങ്ങളിലാണ് പ്രധാനമായും ദീപങ്ങൾ തെളിയിക്കുന്നത്. മതിലകത്തിന് പുറത്തെ ചുമരുകളും ദീപപ്രഭയിൽ ആറാടും.

ബ്രാഹ്മണ സമാജം വനിതാ സമാജം, തിരുവോണ സമിതി, ഭക്തജനസഭ എന്നീ സംഘടനകളിൽ നിന്നു തിരഞ്ഞെടുത്ത നൂറു ഭക്തരെയാണ് എണ്ണവിളക്കുകൾ കത്തിക്കാനായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. അത്യാവശ്യ സന്ദർഭങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭക്തർക്കും ഇതിൽ പങ്കു ചേരാം. അര മണിക്കൂറിനുള്ളിൽ വിളക്കുകളെല്ലാം തെളിയിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായി 14-ന് പരിശീലന ദീപക്കാഴ്ച നടത്തും. ലക്ഷദീപം ദർശിക്കാൻ 15-നു എത്താൻ കഴിയാത്ത ഭക്തർക്കു വേണ്ടി അടുത്ത ദിവസവും ദീപങ്ങൾ തെളിക്കും.

അധികവും മൺചെരാതുകളിൽ തിരിയിട്ട എണ്ണവിളക്കുകൾ തെളിയിക്കാനാണ് ശ്രമിക്കുന്നത്. ഗോപുരത്തിലും മറ്റ് ചുമരുകളിലും വൈദ്യുത ദീപങ്ങൾ ഘടിപ്പിക്കും.


പല ദിശകളിൽ കറങ്ങുന്ന വിളക്കു ഗോപുരം സജ്ജീകരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. എണ്ണയിൽ എരിയുന്ന ദീപങ്ങളാണ് ഇതിൽ ഉപയോഗിക്കുക. മംഗലാപുരം വെങ്കിടേശ്വര ക്ഷേത്ര സമിതിയാണ് നേതൃത്വം നൽകുന്നത്. ഇതു കൂടാതെ ക്ഷേത്രത്തിനു നാലു വശത്തേയും വീഥികൾ വിവിധ ഭക്തജന സംഘങ്ങളുടേയും വ്യാപാരി വ്യവസായികളുടേയും നേതൃത്വത്തിൽ അലങ്കരിക്കുന്നുണ്ട്.


ലക്ഷദീപദിവസം ശീവേലി സമയത്ത് 21,000 പേർക്കാണ് ദർശനം അനുവദിച്ചിട്ടുള്ളത്. ഇവർക്കുള്ള പാസ് വിതരണം പൂർത്തിയായിട്ടുണ്ട്. ബാർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളുള്ള തിരിച്ചറിയൽ കാർഡാണ് ഭക്തർക്ക് വിതരണം ചെയ്യുന്നത്. അതിനാൽ പാസ് കൈമാറാൻ കഴിയില്ല. ബുധനാഴ്ച രാത്രി 8.30-നാണ് പൊന്നുംശീവേലി. സ്വർണനിർമിതമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിയിലുള്ള ഗരുഡവാഹനങ്ങളിൽ തെക്കേടം നരസിംഹമൂർത്തിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിക്കും. ദർശനത്തിന് സന്ധ്യയ്ക്ക് 7 മണി മുതൽ ഭക്തരെ കടത്തിവിടും.


തെക്കുഭാഗത്തെ പ്രത്യേക കവാടം വഴി രാജകുടുംബാംഗങ്ങളെ പ്രവേശിപ്പിക്കും. ഭക്തർ കയറേണ്ട വാതിലുകളെക്കുറിച്ച് പാസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകൾ എല്ലാ ഭക്തർക്കും കാണാനായി 8 വീഡിയോ വാളുകളും സജ്ജീകരിക്കും. പാസ് ഇല്ലാത്തവർക്ക് ശീവേലി ദർശിക്കുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കും. ശീവേലിപ്പുരയ്ക്ക് സമാന്തരമായി പ്രത്യേക ക്യൂ സംവിധാനമാണ് ഒരുക്കുക. ഇതുവഴി അകത്തു പ്രവേശിക്കുന്നവർക്ക് ക്ഷേത്രത്തിൽ തങ്ങാൻ കഴിയില്ല. തെക്കേനട വഴി അകത്തു കയറുന്നവരെ പടിഞ്ഞാറേനട വഴിയും പടിഞ്ഞാറേനട വഴി പ്രവേശിക്കുന്നവരെ വടക്കേനട വഴിയും വടക്കേനട വഴി കയറുന്നവരെ തിരുവമ്പാടി നട വഴിയും തിരിച്ചിറക്കും. കിഴക്കേനടയിൽ ക്യൂ സംവിധാനം സജ്ജീകരിക്കില്ല.

പുത്തരിക്കണ്ടം, ഫോർട്ട് ഹൈസ്കൂൾ, ഫോർട്ടിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, ശ്രീകണ്ഠേശ്വരം പാർക്ക് തുടങ്ങി 27 സ്ഥലങ്ങൾ പാർക്കിങ്ങിനായി കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്രത്തിനുൾവശത്ത് ലക്ഷദീപ ദിവസം ഭക്തർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. മെഡിക്കൽ സംഘം ഓരോ നടകളിലുമുണ്ടാകും. വോളന്റിയർമാരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കും. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ നിരീക്ഷണ ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

Saturday, January 11, 2020

വിൽപ്പനയ്ക്ക് വച്ച വിദ്യാഭ്യാസം 2

വിൽപ്പനയ്ക്ക് വച്ച വിദ്യാഭ്യാസം 2




http://vjec.ac.in/

സ്‌കൂൾതലത്തിലും ജാതി-മത-മധ്യവർഗ്ഗശക്തികളുടെ സ്വാധീനം പ്രകടമായി.  കേന്ദ്രതലത്തിൽ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ രൂപീകരണം (സി.ബി.എസ്.ഇ.) അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും മെഡിക്കൽ-എൻജിനീയറിങ് കോഴ്‌സുകൾക്ക് ആരംഭിച്ച (കേരളത്തിൽ കോടതിവിധി വഴി നിർദ്ദേശിക്കപ്പെട്ട) പ്രവേശനപ്പരീക്ഷകൾ, 1986-ലെ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ ഹയർ സെക്കണ്ടറി ആരംഭിക്കാനുള്ള നീക്കം എന്നിവ ചേർന്നാണ് പ്രിഡിഗ്രി ബോർഡ് എന്ന ആശയത്തിലേക്ക് നീങ്ങിയത്.  സ്‌കൂൾ തലത്തിൽ 10-ാം ക്ലാസ്സിന്റെ തുടർച്ചയായ 11-ും 12-ും ക്ലാസ്സുകൾ ആരംഭിക്കുന്നതിനു പകരം പ്രീഡിഗ്രി കോളേജുകളിൽനിന്നു വേർപെടുത്തുകയും അൺ എയ്ഡഡ് മേഖലയ്ക്കുകൂടി പങ്കാളിത്തുള്ള ഒരു ബോർഡിന്റെ കീഴിൽ കൊണ്ടുവരാനുമായിരുന്നു അന്നത്തെ നീക്കം. സ്‌കൂൾതലത്തിൽനിന്ന് പ്രീഡിഗ്രി ബോർഡിനെ വേർപെടുത്താനുള്ള നീക്കംതന്നെ പൊതുവിദ്യാഭ്യാസത്തിൽനിന്നു വേറിട്ടുള്ള സമാന്തരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. പ്രീഡിഗ്രി ബോർഡിനുള്ള നീക്കം ശക്തമായ എതിർപ്പിനു ഇടയാക്കി.  കോളേജ് അദ്ധ്യാപകരും സർവ്വകലാശാലാജീവനക്കാരും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും യോജിച്ച് പ്രതിഷേധിച്ചതുമൂലം പ്രീഡിഗ്രി ബോർ്ഡ് നീക്കം സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു.  എങ്കിലും അന്നത്തെ സർക്കാരിന്റെ കാലാവധി കഴിയുന്നതിനു മുമ്പുതന്നെ വിപുലമായ ഒരു അൺഎയ്ഡഡ് ശൃംഖല കേരളത്തിൽ നിലവിൽ വന്നിരുന്നു.  എസ്.എസ്.എൽ.സി. പരീക്ഷകളിലും അൺ എയ്ഡഡ് മേഖല നേടിയ വിജയങ്ങൾ മധ്യവർഗ്ഗരക്ഷിതാക്കളുടെ ഇടയിൽ ഇവരുടെ പദവി വർദ്ധിപ്പിച്ചു.

സ്വകാര്യവൽക്കരണത്തേയും പൊതുവിദ്യാഭ്യാസത്തിൽ നിന്നുള്ള വ്യതിയാനത്തേയും ന്യായീകരിക്കുന്ന വിധത്തിലുള്ള വാദമുഖങ്ങൾ 90 കളുടെ ആദ്യത്തോടെ വ്യക്തമായ രാഷ്ട്രീയനിലപാടുകളായി വികസിച്ചു.  ഈ നിലപാടുകൾ പ്രധാനമായും താഴെ പറയുന്നവയാണ്:

സർക്കാർ വരുമാനത്തിന്റെ അതിഭീമമായ വിഹിതം (40% വരെ) ഗവണ്മെന്റ് വിദ്യാഭ്യാസത്തിനുവേണ്ടി ചിലവാക്കുകയാണ്.  അതിൽ ഭീമമായ  ഒരു സംഖ്യ അദ്ധ്യാപകരുടേയും അനദ്ധ്യാപകജീവനക്കാരുടേയും ശമ്പള ഇനത്തിൽ മാത്രമാണ് ചെലവഴിക്കുന്നത്.  ഇത്രയും വലിയ സംഖ്യം പാഴായിപ്പോകുകയും മറ്റു മേഖലകളിലെ വികസനപ്രവർത്തനങ്ങൾക്ക് ഇതൊരു തടസ്സമായിത്തീരുകയും ചെയ്യുന്നു.

വിദ്യാഭ്യാസപ്രവർത്തനം എന്നത് ഒരു പൊതു പ്രവർത്തനമാണ്.  അതിലേയ്ക്ക് മുഴുവൻ തുകയും നൽകാൻ ഒരു ഭരണകൂടത്തിനും കഴിയില്ല. 1986-ലെ വിദ്യാഭ്യാസനയത്തിൽ സമൂഹപങ്കാളിത്തത്തെക്കുറിച്ച് പറയുന്നുണ്ട്.  അത് കേരളത്തിലും നടപ്പാക്കേണ്ടതാണ്.

സ്‌കൂൾവിദ്യാഭ്യാസം സാർവത്രികമാകുന്നു.  പക്ഷേ, ഉന്നതവിദ്യാഭ്യാസം അങ്ങനെയല്ല.  അവിടെയും സ്ഥാപനങ്ങളുടെ പ്രവർത്തനച്ചിലവ് സർക്കാർ ഏറ്റെടുക്കുക എന്നത് അശാസ്ത്രീയമാണ്.  അതുകൊണ്ട് ഗുണഭോക്താക്കളായ വിദ്യാർത്ഥികൾതന്നെ ചിലവിന്റെ നല്ലൊരു ഭാഗം വഹിക്കണം.

കേരളത്തിൽ സമ്പന്നരായ മധ്യവർഗ്ഗം ഉണ്ട്.  അവർ ഉന്നതനിലവാരമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി കേരളത്തിന്റെ പുറത്തുപോകുന്നു.  കർണ്ണാടകയിലുള്ള ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങിയിരുന്ന സ്ഥാപനങ്ങളിൽ (ഉദാ: മണിപ്പാൽ) ഇഷ്ടംപോലെ മലയാളി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  അവർ അവിടെ ഫീസായും കോഴയായും നല്കുന്ന പണം കേരളത്തിൽ തന്നെ നിലനിർത്തുകയാണെങ്കിൽ ഇവിടെയും ധാരാളം പ്രൊഫഷണൽ സ്ഥാപനങ്ങൾ തുടങ്ങാം.

http://vjec.ac.in/

പുതിയ സാമൂഹ്യ വ്യവസ്ഥയ്ക്ക് പുതിയ വിദ്യാഭ്യാസം ആവശ്യമാണ്.  ഉദാഹരണത്തിന് ഐ.ടി. ,ബയോടെക്‌നോളജി മുതലായ മേഖലകളിലെല്ലാം വേണ്ടിവരുന്ന അധികച്ചെലവ് വഹിക്കാൻ ഗവണ്മെന്റിന് ആവില്ല. അതുകൊണ്ട് വിദ്യാഭ്യാസരംഗത്ത് താത്പര്യമുള്ള സംരംഭകർ മുന്നോട്ടു വരികതന്നെ വേണം.

അതുവരെ മധ്യവർഗ്ഗവും അവരുടെ താത്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയശക്തികളും  മുന്നോട്ടുവച്ച വാദങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഇവയെല്ലാം.  കേരളം വിദ്യാഭ്യാസരംഗത്ത് ചിലവഴിച്ച തുക ആ രംഗത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമായിട്ടായിരുന്നു അതുവരെ പരാമർശിക്കപ്പെട്ടിരുന്നത്.  എന്നിട്ടും വിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ, പഠനസാഹചര്യങ്ങൾ തുടങ്ങിയവയ്ക്കാവശ്യമായ പണം നൽകാൻ സർക്കാരിനു കഴിയുന്നില്ലെന്നും ആ വിഹിതം വർദ്ധിപ്പിക്കണമെന്നുമായിരുന്നു അന്നത്തെ ആവശ്യം.  എന്നാൽ മധ്യവർഗ്ഗശക്തികൾ വാദിച്ചത് ഇപ്പോൾ തന്നെ സർക്കാർ ചിലവഴിക്കുന്നത് അധികമാണെന്നും സർക്കാർ ആ മേഖലയിൽനിന്ന് പിന്മാറണം എന്നുമായിരുന്നു.  1986-ലെ നയത്തെ ആധാരമാക്കി ഉയർത്തപ്പെട്ട വാദങ്ങൾ കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തെ പരിഹസിക്കുന്നതിനു തുല്യമായിരുന്നു.  സർക്കാർ മുൻകൈ എടുത്തിരുന്നെങ്കിലും സമൂഹപങ്കാളിത്തത്തോടെ തന്നെയാണ് കേരളത്തിൽ വിദ്യാഭ്യാസവ്യാപനം ഉണ്ടായത്.  കേരളത്തിലെ നല്ലൊരു ശതമാനം ഗവണ്മെന്റ് വിദ്യാലയങ്ങളുടേയും ഭൂമി നാട്ടുകാരുടെ സംഭാവനയാണ്.  ഉത്പന്ന പിരിവുവരെ നടത്തി കെട്ടിടങ്ങൾ ഉണ്ടാക്കിയ കഥകൾ ഉണ്ട്.  ഇടവകകളിൽനിന്നു പിരിവുനടത്തിയാണ് പല ക്രിസ്തീയവിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടായത്.
പക്ഷേ, എൺപതുകളിൽ എത്തിയതോടെ ഈ ആദ്യകാല സാമൂഹ്യപരിഷ്‌ക്കരണത്വര സാമൂദായികശക്തികൾ ഉപേക്ഷിച്ചിരുന്നു.  അവരുടെ സ്ഥാപനങ്ങൾക്കു ലഭിച്ച മധ്യവർഗ അംഗീകാരം ഉപയോഗിച്ച് വിദ്യാഭ്യാസരംഗത്തും സമൂഹത്തിലും സ്വന്തമായ ഇടങ്ങൾ സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.  സാമൂഹികമായ പിന്തുണ പ്രയോജനപ്പെടുത്തുന്നതിനു പകരം മധ്യവർഗ്ഗരക്ഷിതാക്കളിൽനിന്നു വൻ കോഴ വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ഇവരിൽ പലരും മടിച്ചില്ല.  നഴ്‌സറി ക്ലാസ്സുകളിൽപോലും വൻ സംഭാവനകൾ വ്യാപകമായി.  കുട്ടികളെ ഇന്റർവ്യൂ നടത്തി പ്രവേശിപ്പിക്കലും വ്യാപകമായി.  എസ്.എസ്.എൽ.സി. വിജയശതമാനം ഉയർത്താനായി 9-ാം ക്ലാസ്സിൽ കുട്ടികളെ തോല്പ്പിക്കാൻ തുടങ്ങി. (തിരുവനന്തപുരം കാർമൽ കോൺവെന്റിലെ വന്ദനാമേനോൻ എന്ന കുട്ടിയുടെ പ്രശ്‌നം  ഓർക്കേണ്ടതാണ്) സ്‌കൂളുകളിൽ തന്നെ അനൗപചാരിക കോച്ചിങ് സെന്ററുകൾ നിലവിൽ വന്നു.  അദ്ധ്യാപകനിയമനത്തിനു വാങ്ങിയിരുന്ന കോഴ വൻതോതിൽ വർദ്ധിച്ചു,  ലക്ഷങ്ങളുടെ തിരിമറി സർവ്വസാധാരണമായി .അതുവരെ കോഴ വാങ്ങാത്ത കോളേജുകൾ എല്ലാം മെറിറ്റ് മാനദണ്ഡങ്ങളും മറികടന്നു സ്വസമുദായങ്ങളെ നിയമിക്കാനാരംഭിച്ചു .വിദ്യാഭ്യാസം നേടുന്നതിൽ സാമുദായികത അടിച്ചേല്പിക്കാനും  പുതിയ പല സാമുദായികതയും വളർത്തുവാനുമാണ് ഈ നീക്കങ്ങൾ സഹായിച്ചത്.  കേരളത്തിൽ പിന്നീട് വളർന്നുവന്ന കച്ചവടവിദ്യാഭ്യാസത്തിന്റെ നാന്ദിയായിരുന്നു ഇത്.

സമ്പന്നമായ മധ്യവർഗ്ഗം കർണ്ണാടകയിൽ ചെലവാക്കുന്ന പണമായിരുന്നു പൊതുവിദ്യാഭ്യാസത്തിനെതിരായ ശക്തമായ തുറുപ്പുചീട്ട്.  സമ്പന്നരായ മധ്യവർഗ്ഗം കേരളത്തിൽ വളർന്നുവന്നിരുന്നുവെന്നത് (ഇപ്പോഴും ഉണ്ടെന്നതും) നേരാണ്. അവർ എത്ര പണമാണ് കർണ്ണാടകയിൽ ചെലവാക്കുന്നത് എന്നതിന് കൃത്യമായ ഒരു കണക്കുണ്ടായിരുന്നില്ല.  ചില പൊട്ടത്താപ്പു കണക്കുകളൊഴികെ ഇപ്പോഴും ഒരു വ്യക്തമായ കണക്കില്ല. ഈ പണം കേരളത്തിൽ ചിലവാക്കപ്പെടുമായിരുന്നോ എന്നും ഇവിടെ സ്വാശ്രയവിദ്യാഭ്യാസപ്രളയം ഉണ്ടായതിനുശേഷം കേരളത്തിലേക്കു തിരിച്ചുവന്നിട്ടുണ്ടോ എന്നും വ്യക്തമല്ല.  ഉയർന്ന അടിസ്ഥാനശേഷികൾ ആവശ്യമായ പോസ്റ്റുകൾക്ക് പ്രവേശനം ലഭിക്കാൻ മധ്യവർഗ്ഗത്തിന്റെ പണം മാത്രം മാനദണ്ഡമായാൽ മതിയെന്നുള്ള മുൻവിധിയും ഇവിടെ വ്യക്തമായിരുന്നു.  പ്രവേശനപരീക്ഷ എന്ന കടമ്പ കടന്നുകിട്ടേണ്ട പ്രശ്‌നവും പണമൊഴുക്കിയാൽ പരിഹരിക്കാം.  സംരംഭകരെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമാണ് വേറൊരു രസകരമായ വശം.  ഈ വാദങ്ങൾ ഉന്നയിക്കപ്പെടുന്ന കാലത്തും ജാതി-മത-സാമുദായിക ശക്തികൾ തന്നെയായിരുന്നു അൺ എയ്ഡഡ് മേഖലയിലെ ഏറ്റവും വലിയ സംരംഭകർ. അദ്ധ്യാപകനിയമനത്തിനും പ്രവേശനത്തിനും മറ്റും ഒരു ദാക്ഷിണ്യവും കൂടാതെ കോഴ വാങ്ങിയിരുന്ന ഇവരിൽ പലർക്കും സ്വന്തം സ്‌കൂളുകളേയും കോളേജുകളേയും നവീകരിക്കാനും മെച്ചപ്പെടുത്താനും ധാരാളം അവസരങ്ങൾ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നു.  സർക്കാർ വൻതോതിൽ നികുതിപ്പണം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസത്തെ ഉൾപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്.  അതേസമയം എയ്ഡഡ് അൺ-എയ്ഡഡ് സ്വാശ്രയമേഖലയിൽ വിദ്യാഭ്യാസത്തെ കോടികൾ സമ്പാദിക്കാനുള്ള അവസരമായി ചിലർ ഉപയോഗിക്കുന്ന അവസ്ഥയും നിലനിൽക്കുന്നു.
...........

വിൽപ്പനയ്ക്ക് വച്ച വിദ്യാഭ്യാസം 1

വില്പനയ്ക്കു വെച്ച വിദ്യാഭ്യാസം 1 




https://english.manoramaonline.com/news/columns/straight-talk/practical-approach-loss-making-kerala-schools-malaparamba.html

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളർച്ച ഏതെങ്കിലുമൊരു ഏജൻസിയുടെ പ്രവർത്തനത്തിന്റെ മാത്രം ഫലമല്ല . സാമുദായിക സംഘടനകൾ, സാമൂഹ്യ പരിഷ്കർത്താക്കൾ, ജനാധിപത്യ പ്രസ്ഥാങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ അവരവരുടെ പങ്കു നിർവ്വഹിച്ചിട്ടുണ്ട്.  ഈ വളർച്ചയുടെ പടവുകൾ ശ്രദ്ധേയമാണ്.  ഗവണ്മെന്റു തുടങ്ങിയ സ്‌കൂളുകൾ കൂടാതെ സാമൂഹ്യപരിഷ്‌ക്കരണപ്രസ്ഥാനങ്ങൾ അനവധി വിദ്യാലയങ്ങൾ സ്ഥാപിച്ചു.  ജനങ്ങളിൽനിന്ന് പിരിവെടുത്തും ഭൂമിയടക്കമുള്ള സംഭാവനകൾ സ്വീകരിച്ചുമാണ് വിദ്യാലയങ്ങൾ ആരംഭിച്ചത്.  പല സ്‌കൂളുകളും നിലനിന്നതുതന്നെ ജനങ്ങളുടെ പിൻതുണകൊണ്ടു മാത്രമായിരുന്നു.

ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ദേശീയവാദികൾ നിരവധി പ്രദേശങ്ങളിൽ സ്‌കൂളുകൾ സ്ഥാപിച്ചു.  തൊഴിലാളികളും കർഷകരുംവരെ സ്ഥാപിച്ച സ്‌കൂളുകൾ ഉണ്ടായിരുന്നു.  മാനേജ്‌മെന്റ് സ്‌കൂളുകളിൽനിന്നു പിരിച്ചുവിടപ്പെട്ട അദ്ധ്യാപകർ ബദൽ ്‌സ്‌കൂളുകൾ നടത്തുകയുണ്ടായി.  സമൂഹത്തിന്റെ ഉപരിതലവർഗ്ഗത്തിൽപ്പെട്ടവരായിരുന്നില്ല ഭൂരിഭാഗം അദ്ധ്യാപകരും.  വളരെ തുച്ഛമായ ശമ്പളം മാത്രമാണ് ഭൂരിഭാഗത്തിനും ലഭിച്ചത്.  പക്ഷേ, അവരുടെ അർപ്പണബോധവും ജനങ്ങളുമായുള്ള ബന്ധവും വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് പ്രധാനമായിരുന്നു.  ഗ്രാമപ്രദേശങ്ങളിലെ സാംസ്‌കാരികനേതൃത്വം പലപ്പോഴും അദ്ധ്യാപകർക്കായിരുന്നു.  നിരവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുന്നതിനും അദ്ധ്യാപകർക്കു സാധിച്ചു.

ഈ സാഹചര്യത്തിൽ കേരളത്തിൽ വളർന്നുവന്ന ഗവണ്മെന്റ് എയിഡഡ് സ്‌കൂളുകളെ വിദ്യാഭ്യാസത്തിന്റെ പൊതുസമ്പത്തായാണു കണ്ടിരുന്നത്.  ജനസാമാന്യത്തെ അകറ്റിനിർത്തി അകറ്റിനിർത്തി സമൂഹത്തിലെ ഉപരിവർഗ്ഗത്തിനു മാത്രം വിദ്യാഭ്യാസം നല്കുന്ന രീതി വളർന്നുവന്നില്ല.  അതുതന്നെയാണ് ഇവിടത്തെ പൊതുവിദ്യാഭ്യാസത്തിനു അടിത്തറായതും കേരളത്തിൽ സാർവ്വത്രികവിദ്യാഭ്യാസ വളർന്നുവരാൻ കാരണമായതും.

1964 ലെ എൻ.സി.ഇ.ആർ.ടി. യുടെ സ്ഥാപനവും 1975  ദേശീയ കരിക്കുലവും സമഗ്രമായ കരിക്കുല പരിഷ്‌ക്കരണത്തിനുള്ള സാധ്യതകൾ വളർത്തിയിരുന്നു.  ആൾ പ്രൊമോഷൻ പദ്ധതി, അദ്ധ്യാപകരുടെ തൊഴിലിൽ വന്ന സുസ്ഥിരത തുടങ്ങിയവ ഒരു പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനുള്ള ഭൗതികസാഹചര്യങ്ങളും വളർത്തിയിരുന്നു. ഗവണ്മെന്റ് എയ്ഡഡ്, മേഖലകളിൽ സമഗ്രമായ പാഠ്യപദ്ധതിപരിഷ്‌ക്കാരം നടപ്പിലാക്കാമായിരുന്നു.  എന്നാൽ പാഠപുസ്തകങ്ങളിലും പരീക്ഷകളിലും വന്ന ചില മാറ്റങ്ങളൊഴിച്ചാൽ ബോധനക്രമത്തിൽ മാറ്റങ്ങളുണ്ടായില്ല.  അതായത് കൊളോണിയൽ കാലഘട്ടത്തിലെ ഉപരിവർഗ്ഗസ്‌കൂളുകളിലെ ബോധനരൂപങ്ങൾ തന്നെയാണ് പൊതുവിദ്യാഭ്യാസത്തിലും തുടർന്നുവന്നത്.  

പൊതുവിദ്യാഭ്യാസത്തെ നിലനിർത്തിപ്പോന്ന ഒരു പ്രധാന ഘടകം വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ജനാധിപത്യശക്തികളുടെ തുടർച്ചയായ സമരങ്ങളാണ്.  വിദ്യാഭ്യാസരംഗത്തെ ജനാധിപത്യസമരങ്ങൾക്ക് നിരവധി തലങ്ങളുണ്ട്.  1921 ലെ വിദ്യാർത്ഥിസമരം തുടങ്ങിയത് അമിത ഫീസ് ഈടാക്കിയ പ്രശ്‌നത്തിനായിരുന്നു. .1930 കളിലെ അധ്യാപക സമരങ്ങൾ മാനേജർമാരുടെ ശമ്പളം തടഞ്ഞുവയ്ക്കൽ, അക്കാഡമിക് സ്വാതന്ത്ര്യത്തിന്റെ നിഷേധം, പിരിച്ചു വിടൽ തുടങ്ങിയ നടപടികൾക്ക് എതിരെ ആയിരുന്നു. 1930 കളിൽ തന്നെയാണ് ആദ്യമായി ഒരു അധ്യാപക യൂണിയനും പിന്നീട് അഖിലേന്ത്യ തലത്തിൽ സ്ഥാപിക്കപ്പെട്ട സ്റ്റുഡന്റസ് ഫെഡറേഷനും ഉണ്ടായതു. പിന്നീട് വിദ്യാർഥി കോൺഗ്രസ്‌,  മുസ്ലിം സ്റ്റുഡന്റസ് അസോസിയേഷൻ എന്നീ സംഘടനകൾ ഉണ്ടായി. വിദ്യാർത്ഥി രംഗത്ത് SFI, KSU , ABVP, മുതലായ നിരവധി സംഘടനകൾ നിലവിൽ വന്നു. 
അറുപതുകളിലും എഴുപതുകളിലും പൊതുവിദ്യാഭ്യാസത്തിന്റെ കാതലായ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സമരംചെയ്യാൻ ഇവർക്കു കഴിഞ്ഞു.

എഴുപതുകളിലെ വേതനവ്യവസ്ഥകൾ ഏകീകരിക്കാനുള്ള സമരവും ഇതിനുദാഹരണമാണ്.  എഴുപതുകളിൽ സമരത്തിന്റെ മുഖം പ്രധാനമായി വിദ്യാഭ്യാസരംഗത്തെ വാണിജ്യവൽക്കരണത്തിനെതിരായി തിരിഞ്ഞു.  പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനും കച്ച വടശക്തികൾക്കതിരായി സമരം ചെയ്യുന്നതിനും മുന്നിട്ട് ഇറങ്ങുന്ന സംഘടനകൾക്കാണ് ഇന്ന് അക്കാദമിക് രംഗത്ത് ഏറ്റവുമധികം സ്വാധീനശക്തിയുള്ളത്.  ജനങ്ങളുടെ മനസ്സ് പൊതുവിൽ പൊതുവിദ്യാഭ്യാസത്തിന് അനുകൂലമാണ് എന്ന സൂചനയാണ് ഇനി നൽകുന്നത്.
എൺപതുകൾ മുതലാണ് മേൽ സൂചിപ്പിച്ച വൈരുദ്ധ്യം പ്രകടമാകുന്നത്. അതുവരെ പൊതുതാല്പര്യങ്ങളും സ്വകാര്യതാല്പര്യങ്ങളും ഏറ്റുമുട്ടിയിരുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ തട്ടകത്തിൽ തന്നെയായിരുന്നു.  സൗജന്യസാർവത്രിക വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ പ്രവർത്തനത്തിനും അദ്ധ്യാപകരുടെ സേവന-വേതനവ്യവസ്ഥകളിലുമുള്ള പൊതുമാനദണ്ഡങ്ങൾ, അധഃസ്ഥിതരുടെ സംവരണമടക്കമുള്ള സാമൂഹ്യനീതി തുടങ്ങിയവയെല്ലാം ഔപചാരികതലത്തിലെങ്കിലും ഏവരും അംഗീകരിച്ചിരുന്നു.  പൊതുമാനദണ്ഡം അനുസരിച്ചുള്ള പാഠ്യപദ്ധതിയും പരീക്ഷാസമ്പ്രദായവും നടപ്പിലാക്കാനും തയ്യാറായിരുന്നു.
ഈ പൊതുസമീപനമാകെ തകിടംമറിയുന്നത് എൺപതുകളിലാണ്.  ജാതി-മതശക്തികളുടെ മദ്ധ്യവർഗ്ഗതാല്പര്യങ്ങളും ചേർന്ന് പൊതുവിദ്യാഭ്യാസത്തിൽനിന്നു മാറുകയും അൺ-എയ്ഡഡ് അംഗീകൃത വിദ്യാലയങ്ങൾ ആരംഭിക്കുകയും ചെയ്തു.  പൊതുമേഖലയിൽനിന്നു ഭിന്നമായി മെഡിക്കൽ-എൻജിനീയറിങ് കോഴ്‌സുകൾക്കുവേണ്ടി സ്വകാര്യമേഖല ശബ്ദമുയർത്തുന്നത് അപ്പോഴാണ്.  അതുവരെ കേരളത്തിൽ ആറ് എൻജിനീയറിങ് കോളേജുകളും അഞ്ചു മെഡിക്കൽ കോളേജുകളും മാത്രമാണ് ഉണ്ടായിരുന്നത്.  പ്രീഡിഗ്രി സയൻസ് ഗ്രൂപ്പുകളിൽനിന്ന് ഉയർന്ന മാർക്കുള്ളവരും താല്പര്യമുള്ള കുട്ടികളും മാത്രമാണ് പ്രവേശനം നേടിയതും.  അത്രയും യോഗ്യതയില്ലാത്ത സമ്പന്നരുടെ മക്കൾ മണിപ്പാൽപോലെയുള്ള കോളേജുകളിൽ ഉയർന്ന ഫീസ് കൊടുത്ത് പ്രവേശനം നേടി.  എന്നാൽ എൺപതുകളിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു ലഭിച്ച മദ്ധ്യവർഗ്ഗസ്വീകാര്യത കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടാകേണ്ട ആവശ്യകത വർദ്ധിപ്പിച്ചു.  അങ്കമാലിയിൽ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രസിദ്ധനായ ഒരു നേത്രഭിഷഗ്വരനുവേണ്ടി ഓപ്ത്താൽമോളജി എം.ഡി. കോഴ്‌സ് അനുവദിക്കാൻ ഗവണ്മെന്റ് എടുത്ത തീരുമാനം ഇതിന്റെ തുടക്കമാണ്.  ഇതേ ശക്തികൾ ചേർന്നാണ് കോട്ടയം കേന്ദ്രീകരിച്ച് ഒരു സർവ്വകലാശാലയ്ക്കുവേണ്ടി  വാദിച്ചു  ഗാന്ധിജി (പിന്നീട് എം.ജി. സർവ്വകലാശാല) നിലവിൽവരുന്നത്.  സ്വകാര്യമേഖലയിൽ പോളിടെക്‌നിക്കുകൾ അനുവദിക്കാനുള്ള നീക്കവും ഇതേ പ്രവണതയുടെ ഭാഗമായിരുന്നു.  ഈ നീക്കങ്ങൾക്കെതിരായ ശക്തമായ സമരംമൂലം തൽക്കാലത്തേക്കെങ്കിലും ഈ തീരുമാനം പിൻവലിക്കേണ്ടിവന്നു.  പക്ഷേ, വരാൻപോകുന്ന മറ്റു പ്രവണതകളുടെ സൂചനയായിരുന്നു ഇത്.

മാധ്യമപ്രശ്നവിചാരം

മാധ്യമ വിചാരധാര 2

മാധ്യമപ്രശ്‌നവിചാരം


മാധ്യമസംസ്‌കാരം സമൂഹമനസ്സിനെ ആഴത്തിൽ സ്വാധീനിച്ചു. നവമാധ്യമങ്ങൾ പ്രത്യേകിച്ചും. അതിന് തീർച്ചയായും ധാരാളം നല്ല വശങ്ങളുണ്ട്. ലോകത്തെവിടെ എന്തു നടന്നാലും ഞൊടിയിടയ്ക്കുള്ളിൽ നമുക്ക് മുന്നിൽ എത്തിക്കുന്ന സാങ്കേതിക വൈദഗ്ദ്ധ്യം വിവരണാതീതമാണ്. എന്നിരുന്നാലും ചില മറുപുറങ്ങൾ കൂടി ഉണ്ട് ഇവയ്ക്ക്. കൗമാരക്കാരുടെ സ്വഭാവരൂപീകരണം, പരസ്യങ്ങൾ സൃഷ്ടിക്കുന്ന സംസ്‌കാരം, ശാരീരിക-മാനസിക ആരോഗ്യം, നാർകോട്ടീകരണം, ഉപഭോക്തൃസംസ്‌കാരം, നവമാധ്യമസംസ്‌കാരം തുടങ്ങിയവയ്ക്ക് പാർശ്വഫലങ്ങൾ കൂടിയുണ്ട്.

മുത്തശ്ശിമാർ, കഥ പറഞ്ഞിരുന്ന കാലം ഇന്ന് ഓർമ്മകളിൽ മാത്രം. തത് സ്ഥാനത്ത് മാധ്യമങ്ങളാണ് ഉപദേശികൾ. കുടുംബജീവിത്തിൽ മാതാപിതാക്കൾക്കും മുതിർന്നവർക്കും മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള സ്വാധീനത്തെ ആദേശം ചെയ്തുകൊണ്ട് മാധ്യമനിർമിത കഥകൾ വന്നു ഭവിച്ചത് ആശാസ്യമാണോ എന്ന് സാമൂഹ്യശാസ്ത്രജ്ഞർ ചിന്തിച്ചുതുടങ്ങിയിരിക്കണം.

മാധ്യമങ്ങളിൽ അടിക്കടി വരുന്നു അക്രമവാർത്തകളും അക്രമം നിറഞ്ഞ ലൈംഗികത കുത്തിവയ്ക്കുന്ന ''വിനോദ'' പരിപാടികളും മനുഷ്യമനഃശാസ്ത്രത്തെ, പ്രത്യേകിച്ച് കൗമാരപ്രായ്ക്കാരെ എങ്ങനെ ബാധിക്കുമെന്ന് മനഃശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ക്രൂരമരണങ്ങളാണ് മാധ്യമങ്ങളിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്നത്. സമൂഹത്തിൽ അക്രമവും ലൈംഗിക അരാജകത്വവും വർദ്ധിപ്പിക്കുവാൻ മാധ്യമങ്ങൾ, പരോക്ഷമായെങ്കിലും കാരണമാകുന്നുണ്ട് എന്നു വേണം കരുതാൻ. സംഭ്രമജനകമായ വാർത്തകളും വിവരങ്ങളും ചിത്രങ്ങളും മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട് എന്നതിൽ സംശയമില്ല. അക്രമസംഭവങ്ങളുടെ നൈരന്തര്യത്തെ നിത്യേന കാണുന്നവർക്ക് അക്രമങ്ങളോട് പ്രതികരിക്കാൻ വൈമുഖ്യമുണ്ടായാൽ അതിൽ അത്ഭുതപ്പെടാനില്ല. കാരണം സമൂഹമനസ്സിലുണ്ടാകാനിടയുള്ള മരവിപ്പ് ധാർമ്മികരോക്ഷത്തെ കെടുത്തിക്കളയും, പ്രതികരണശേഷിയെ നഷ്ടപ്പെടുത്തും. നാർകോട്ടീകരണം (narcotization) എന്ന അവസ്ഥയുടെ വിശേഷവും മനുഷ്യമനസ്സിനെ ബാധിച്ചിട്ടുണ്ട്.

സ്ത്രീകളെയും കുട്ടികളെയും സാമൂഹമാധ്യമങ്ങളിലൂടെ വികലമായും വില്പനച്ചരക്കുകളായും അവതരിപ്പിക്കുന്നത് മറ്റൊരു പ്രശ്‌നമണ്ഡലം. ഇതിനെതിരെ നിയമങ്ങൾ  രംഗത്തു വന്നിട്ടുണ്ട്. 21-ാം നൂറ്റാണ്ട് സൈബർ ആക്രമണങ്ങൾക്ക് നിത്യം സാക്ഷിയാകുന്നുണ്ട്. സൈബർ ആക്രമണങ്ങൾക്ക് (Cyber violence) മറ്റൊരു പേരാണ് Cyberbullying. ഒരാളുടെ വികാരങ്ങളെ ക്ഷതമേൽപ്പിക്കുക, പരിഹസിക്കുക, ഭീഷണിപ്പെടുത്തുക, മാനസികമായി പീഡിപ്പിക്കുക, ദുർവിനിയോഗം ചെയ്യുക തുടങ്ങി ഓൺലൈൻ മാധ്യങ്ങളിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളുടെ സാങ്കേതിക പദമാണ് Cyberbullying. ആഭാസകരമായ ഓൺലൈൻ സന്ദേശങ്ങളയക്കുക. സോഷ്യൽ മാധ്യമങ്ങളിലെ 'Post' കളിൽ അനാശാസ്യമായ പ്രതികരണം (comment) ഇടുക, ഒരു വ്യക്തിയുടെ പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും അനുവാദമില്ലാതെ സങ്കോചമുളവാക്കുന്ന ഫോട്ടോകൾ ഓൺലൈൻ മാധ്യമങ്ങളിലിടുക, സ്ത്രീകളെ ചീത്തവാക്ക് പറയുക, അപവദിക്കുക, നുണകൾ പ്രചരിപ്പിക്കുക മുതലായ എല്ലാം തന്നെ ഇതിൽ ഉൾപ്പെടും. പുരുഷന്മാരുടെ കാര്യത്തിലും ഇത്തരത്തിലുള്ള നിയമങ്ങൾ ബാധകമാണെങ്കിലും സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണത്തിന്റെ നിയമങ്ങൾ കുറെക്കൂടി ശക്തമാണ്.
United Nation Broadband Commission ന്റെ 2015 ലെ റിപ്പോർട്ട് പ്രകാരം 75 ശതമാനം സ്ത്രീകളും ഓൺലൈൻ മാധ്യമങ്ങളിൽ മാനസികപീഡനത്തിനോ, ആക്രമണ ഭീഷണിക്കോ വിധേയമാകാറുണ്ട് എന്നാണ് പറയപ്പെടുന്നത്. സ്ത്രീവിരുദ്ധവാചാടോപം Mysogynistic rhetoric) നവമാധ്യമങ്ങളിൽ സാർവത്രികമാണിപ്പോൾ. ഇതിനെതിരെ കഠിനമായ നടപടികൾ സ്വീകരിക്കണമെന്നും UN Broadband Commission ആവശ്യം ഉന്നയിച്ചിരുന്നു. പല രാജ്യങ്ങളും ഇതിന് നിയമപരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും അത്തരത്തിലുള്ള വകുപ്പുകൾ വന്നിട്ടുണ്ട്.

ടെലിവിഷൻ അല്ലെങ്കിൽ നവമാധ്യമങ്ങളുടെ മുന്നിൽ കണ്ണുചിമ്മാതെ ഇരിക്കുന്ന കുട്ടികളെ നമുക്ക് ഇന്ന് പരിചയമാണ്. ഭക്ഷണം പോലും അതിനു മുന്നിലിരുന്ന് കഴിക്കുമ്പോൾ വരാനിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവർ ബോധവാന്മാരല്ല. സമീപവാസികളായ കുട്ടികളുമായിചേർന്ന് വിനോദങ്ങളിലേർപ്പെടുന്നതിനു പകരം തന്നിലേക്ക് തന്നെ ഒതുങ്ങി എന്നാൽ സ്വന്തം വിരൽത്തുമ്പിലൊരു ലോകം സൃഷ്ടിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറയുടെ മാനസികതലത്തിന്ഡറെ ഉയർച്ച താഴ്ചകൾ എവിടെയാണ്.

രാമായണവും മഹാഭാരതവും പരമ്പരയായി ടെലിവിഷനിൽ വന്നകാലത്ത് അത് ജനങ്ങൾക്കിടയിൽ ഉളവാക്കിയ സ്വാധീനം വിസ്മരിക്കാനാകില്ല. സ്വന്തം പരിപാടികളെല്ലാം ക്രമീകരിച്ച് ആബാലവൃദ്ധം ജനങ്ങളും ടെലിവിഷനു മുന്നിൽ അന്ന് അണി നിരന്നു. തീവണ്ടി സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന ടെലിവിഷനിൽ ഈ പരമ്പര കാണാൻ തടിച്ചുകൂടിയ ആൾക്കൂട്ടം തീവണ്ടി ഗതാഗതത്തെ സ്തംഭിപ്പിച്ച ഒരു ചരിത്രം കൂടിയുണ്ടതിന്. ഈ ഇതിഹാസപരമ്പരകൾക്കു മുന്നിൽ കുളിച്ച് കുറിയിട്ട് ഭക്തിപുരസ്സരം അണി നിരന്ന ഒരു ഉത്തരേന്ത്യൻ ജനതയുടെ ചിത്രവും നമ്മൾ മറക്കാനിടയില്ല.

നേരംപോക്കിന് പാർശ്വകൃത്യമായി ടിവിയിലും, ഇന്റർനെറ്റിലും ദർശനം നടത്തുന്നവർക്ക് മാനസികമായി പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല്. രാവിലെ മുതൽ ചില ഭവനങ്ങളിൽ ടിവി ഓടിക്കൊണ്ടിരിക്കും. എന്നാൽ കാര്യമായി 'watch' ചെയ്യുന്നില്ല. ഇത്തരക്കാരെ 'Couch Potato' എന്നാണ് വിളിക്കുന്നത്. പക്ഷേ ചിലരുടെ സാമൂഹ്യമാധ്യമങ്ങളിലുള്ള അനുഭവം മയക്കുമരുന്ന് കഴിക്കുന്നതിനു തുല്യമാണ്. ഇത് ഒരു അത്യുക്തിയായി തോന്നാമെങ്കിലും ഇന്നത്തെ തലമുറയുടെ കാര്യത്തിൽ അത് വാസ്തവമാണ്. വികലമായ ഉപഭോക്തൃ സംസ്‌കാരത്തെയാണത് പടച്ചു വിടുന്നത്. ഉൽപ്പന്നങ്ങളോടുള്ള അടിമത്തം, അമിതവിധേയത്വം, വിവേചനാരഹിതമായ ഉൽപ്പന്നാരാധന, അമിത ഉപഭോഗത്താലുള്ള വികലമായ മനോല്ലാസം, വാങ്ങൽപ്രക്രിയ ഒരു കാരണവശാലും മാറ്റിവയ്ക്കാൻ കഴിയാത്ത പ്രകൃതം തുടങ്ങിയവയെല്ലാം ഉപഭോക്തൃസംസ്‌കാരത്തിന്റെ വൈകൃതങ്ങളാണ്. ഏഹ്‌റെൻറൈക് (Ehrenreich) എന്ന വനിതയുടെ അഭിപ്രായത്തിൽ ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഏറ്റവും ഉത്തമമായ ദൃഷ്ടാന്തം അല്ലെങ്കിൽ ഉത്പ്രേക്ഷ അടിമത്തം ഉണ്ടാക്കുന്ന മയക്കുമരുന്നാണെന്ന് ആണ്.  

സെൻസേഷണൽ ന്യൂസുകളോടുള്ള കേരളീയ സമൂഹത്തിന്റെ അമിതാകാംക്ഷ ഇന്നത്തെ പ്രത്യേകതയാണ്. ട്രാജഡി, ഗോസിപ്പ്, ക്രൈം, കലഹങ്ങൾ എല്ലാം പ്രക്ഷേപണം ചെയ്യുന്ന ചാനലുകളുടെ പ്രസ്തുത സമയത്തെ rating കുത്തനെ ഉയരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇത് Yellow Journalism ത്തിലെ ഭാവപ്പകർച്ചകളായി വിലയിരുത്താം.'Bulletin of the day'
എന്ന് വിശേഷിപ്പിക്കുന്ന 6.00 PM News hr ൽ പരമാവധി viewership ഉള്ളതിനാൽ ചാനൽ rating ഉയർന്നിരിക്കും. പൊടുന്നനെ അതിനൊരു കുത്തനെയുള്ള ഇറക്കം 9.00 PM വരെ ന്യൂസ് ചാനലുകളിൽ വന്നുഭവിക്കുന്നത് കാഴ്ചവട്ടത്തിലെ കൗതുകകാഴ്ചയാണ്. അതിനു കാരണം മലയാളിക്കരയിലെ ഗൃഹനായികമാരുടെ കൈകളിലേക്ക് remote കൾ കൈമാറ്റം ചെയ്യപ്പെടുന്നതാണ്. സ്വീകരണമുറിയിൽ വിരുന്ന വരുന്ന സീരിയലുകളുടെ രാജവാഴ്ച സമ്മതിക്കാതിരിക്കാൻ തരമില്ല.

രാവിലെ പത്രം കാത്തിരിക്കുന്ന ഒരു തലമുറ ഇന്ന് അന്യം നിന്നുപോയി. വാർത്തയുടെ രത്‌നചുരുക്കം ടെലിവിഷനിലും നവമാധ്യമങ്ങളിലും കണ്ട ജനത്തിന് വാർത്തയുടെ ഭാഷാവിവരണമായി പുറത്തിറങ്ങുന്ന പത്രത്തോടുള്ള ആവേശം തെല്ലൊന്ന് തണുത്ത നിലയിലാണ്. വാർത്തയിൽ ശ്വസിച്ച്, വാർത്തയിൽ ഭക്ഷിച്ച്, വാർത്തയിൽ ജീവിച്ച്, വാർത്താ ശരീരം ആയി മാറിയ മലയാളികളുടെ വാർത്താ സങ്കല്പങ്ങൾക്കും മാറ്റം സംഭവിച്ചിട്ടുണ്ട്. മാധ്യമങ്ങൾ നൽകുന്ന വാർത്തകളോടുള്ള പൊതുജന വിയോജിപ്പിന്റെ അളവ് കൂടിയിട്ടുണ്ട്. മാധ്യമങ്ങളുടെ അടിസ്ഥാനമൂല്യങ്ങളെയും ധാർമ്മികതയെയും കുറിച്ചുള്ള ചോദ്യങ്ങൾ അവിടവിടെ ഉയർന്നു കേൾക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങൾ (Fb, Whatsapp) പരമ്പരാഗത പത്രപ്രവർത്തനത്തിനു ബദൽതന്നെ നിർമ്മിക്കുന്നു. പത്രനിലപാടുകളെപ്പോലും ചോദ്യം ചെയ്യുന്ന കാഴ്ചയും കാണാം.

ആധുനിക നാഗരികതയുടെ മിത്തുകളാണ് പരസ്യങ്ങൾ. അറിഞ്ഞും അറിയാതെയും നമ്മിലേക്ക് വന്നു കയറുന്നു പരസ്യങ്ങൾ. മാധ്യമങ്ങളും പരസ്യങ്ങളും പരസ്പരം ഏറെ ആശ്രയിച്ചും സഹകരിച്ചും മുന്നോട്ടു പോകുന്നു. പരസ്യസംസ്‌കാരത്തിൽ ജീവിതശൈലിയെ അനുകൂലമായും പ്രതികൂലമായും ബാധിക്കാനാകും. ഓരോ പരസ്യവും ഒരു അയതാർത്ഥ/അഭൗമിക ജീവിതത്തിന്റെ നുറുങ്ങാണ്. മനോഹരമായ അവതരണത്തിലൂടെ ചിലനേരം പശ്ചാത്തല സംഗീതത്തിലൂടെ ഒരു മാന്ത്രിക ലോകത്തേക്ക് നമ്മെ ആനയിക്കുന്നു. അതിലൂടെ ചില ഉൽപ്പന്നങ്ങളെ നമുക്ക് പരിചയപ്പെടുത്തുകയാണ്. പരസ്യങ്ങൾ ആശയങ്ങളാണ് .ആവർത്തനത്തിലൂടെ ആശയക്കൊഴുപ്പ് പ്രേക്ഷകരുടെ കണ്ണിലൂടെ കാതിലൂടെ മസ്തിഷ്‌ക്കത്തിലേക്ക് നുഴഞ്ഞു കയറുകയാണ്. Caption പോലും വിപണനതന്ത്രത്തിന്റെ ഭാഗമാണ്.

ഒട്ടകത്തിന് സൂചികുഴ പോലെയാണ് ഇന്ന് മാധ്യമ സ്വാതന്ത്ര്യം. പലതരം സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടു നിൽക്കുന്നവയാണ് മാധ്യമങ്ങൾ. മൂല്യങ്ങളിൽ നിന്ന് മാധ്യമങ്ങൾ വ്യതിചലിക്കുമ്പോൾ, കാലക്രമത്തിലെങ്കിലും മനുഷ്യൻ അവയെ തിരസ്‌കരിക്കും എന്നത് ഓരോ മാധ്യമപ്രവർത്തകനും ഓർമ്മയിൽ സൂക്ഷിക്കുക. കാലികപ്രസക്തിയുള്ള കാര്യങ്ങളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള ചർച്ചകൾ കേവലം തുപ്പൽ കോളാമ്പി വ്യാപാരം പോലെ അർത്ഥശൂന്യമാണെന്ന് തിരിച്ചറിയുക. മാധ്യമപ്രവർത്തനത്തിന്റെ ഈ ഉത്തരാധുനിക കാലഘട്ടത്തിൽ സത്യാത്മകത്വം വസ്തുനിഷ്ഠത, ആധികാരികത തുടങ്ങിയ വ്യവസ്ഥാപിത ഗുണങ്ങൾ ആപേക്ഷികവും  സങ്കല്പിതവും മാത്രമാവുകയാണ്. ഉത്തരാധുനിക മാധ്യമാന്തരീക്ഷം ഒരു ഹിമയുഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് നിസ്തർക്കം പറയാം.

അസ്തമയം മണ്ണിലേക്ക്

മരട് ഫ്ലാറ്റ്കളുടെ അസ്തമയം



https://www.financialexpress.com/india-news/maradu-flats-demolition-complied-with-sc-order-kerala-govt-informs-court/1821242/

തീരനിയമം ലംഘിച്ച് മരടിൽ പടുത്തുയർത്തിയ നാലു ഫ്‌ളാറ്റുകളും മണ്ണോടു ചേർന്നു. നെഞ്ചു നിറയെ വെടിമരുന്നുമായി നിന്നിരുന്ന അംബരചുംബികൾ പൊടിയും പുകയുമായി വായുവിലലിഞ്ഞു. മൂന്നുമാസം മുമ്പവരെ സന്തോഷത്തിന്റെ കായലോളങ്ങൾ നിറഞ്ഞിരുന്ന ഇവ ഇനി ഓർമ്മയിലെ ഒരു നൊമ്പരമാണ്.

കൃത്യതയാർന്ന ആസൂത്രണത്തിന്റെയും കാർക്കശ്യമായ നടപ്പാക്കലിന്റെയും വിജയം കൂടിയാണീ പൊളിക്കൽ. ഹോളി ഫെയ്ത്ത് എച്ച് ടു ഒ, അൽഫ സെറീൻ, ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് നിലം പതിച്ചത്. ഇവ നിന്ന സ്ഥാനത്ത് ഒരു കോൺക്രീറ്റ് ശ്മശാനം ഉയർന്നു. ആൽഫാ സെറീൻ പൊളിച്ചത് വിജയ് സ്റ്റീൽസും മറ്റു മൂന്നു സമുച്ചയങ്ങൾ പൊട്ടിച്ചത് മുംബൈയിലെ എഡിഫിസ് എൻജിനീയറിങ്ങുമാണ്.തകർക്കലും ജനങ്ങൾ ആഘോഷമാക്കുകയായിരുന്നു.

ബഹുനില കെട്ടിടങ്ങൾ വീണപ്പോൾ ഒപ്പം വീണത് ചില ധാരണകളും ധാർഷ്ട്യവും സ്വപ്നങ്ങളും ആശങ്കകളുമാണ്. സ്വാധീനം ചെലുത്തി ഏതു നിയമലംഘനവും നടത്താമെന്ന ധാരണ, എന്തു കുറ്റകൃത്യം ചെയ്താലും പിഴയടച്ച് രക്ഷപ്പെടാമെന്ന ധാരണ, പരിസ്ഥിതിയെ അവസാനം പരിഗണിച്ചാൽ മതിയെന്ന ധാരണ; വ്യക്തമായ നിയമങ്ങളുണ്ടായിട്ടും അതിനെ ലംഘിക്കാമെന്ന ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം, തുടരെ അപ്പീലുകൾ നൽകി കോടതിയെ അലോസരപ്പെടുത്തി വിധി മറി കടക്കാമെന്ന ധാർഷ്ട്യം; ഇതെല്ലാം ഇല്ലാതായി, ഉള്ളത് സ്വരൂക്കൂട്ടിയും വിറ്റു പെറുക്കിയും നഗരത്തിൽ സ്വന്തമാക്കിയ വീടെന്ന സ്വപ്നം, ഒന്നിച്ചു കളിച്ചുവളർന്ന അന്തരീക്ഷത്തിൽ നിന്ന് പെട്ടെന്ന് പറിച്ചെറിയപ്പെട്ട കുട്ടികളുടെ സ്വപ്നം എല്ലാം ഒരു നൊടിയ്ക്കുള്ളിൽ പൊലിഞ്ഞു. വലിയ സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ തകർന്നപ്പോൾ വൻദുരന്തമോ അപകടമോ ഉണ്ടാകുമോ, ഇത്രയും കൃത്യതയോടെ സ്‌ഫോടനം നടപ്പിലാക്കാൻ പറ്റുമോയെന്ന ഉദ്യോഗസ്ഥരുടെ ആശങ്കകളും അസ്ഥാനത്തായി.

കാറ്റിന്റെ ഗതിയനുസരിച്ച് പടരുമെന്നതിനാൽ വരും നാളുകളിൽ രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഉത്കണ്ഠപ്പെടുന്നു. ഫ്‌ളാറ്റ് പൊളിച്ചപ്പോഴുണ്ടായ കൂറ്റൻ കോൺക്രീറ്റ് മാലിന്യം നീക്കം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് 'റബിൾ മാസ്റ്റർ' എന്ന യന്ത്രമാണ്. കോൺക്രീറ്റ് മാലിന്യം എം. സാൻഡാക്കി മാറ്റുന്നത് ഈ ഓസ്ട്രിയക്കാരനാണ്. ഈ യന്ത്രം ആദ്യമായാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. കോൺക്രീറ്റ് മാലിന്യം എസ്‌കവേറ്റർ ഉപയോഗിച്ച് ഫീഡറിലേക്ക് നിക്ഷേപിക്കും. മാലിന്യം പൊടിഞ്ഞ് 'മെഷ്' എന്ന വിരിപ്പുണ്ടാകും. മണലരിക്കുന്ന അരിപ്പപോലെയാണിത്. പൊടിഞ്ഞശേഷം കൺവെയർ ബെൽറ്റിലേക്ക് വീഴും. അതിലൂടെത്തന്നെ എം.സാൻഡ് പുറത്തേക്ക്. സാധാരണ ആറ് എം.എം, 12 എം.എം സൈഡുകളിലാകും എം സാൻഡാക്കി മാറ്റുക. ഇതിന് നാലു കോടി രൂപ വില വരും. ഒരു മണിക്കൂറിൽ 150 ടൺ കോൺക്രീറ്റ് മാലിന്യം എം. സാൻഡാക്കിമാറ്റും. ഡീസൽ ഉപയോഗിച്ചാണീ യന്ത്രം പ്രവർത്തിക്കുന്നത്.

ആരും നിയമത്തിന് അതീതരല്ലെന്ന് വിശ്വസിക്കുമ്പോഴും അർഹിക്കുന്ന ശിക്ഷയാണിതെന്നു വാദിക്കുമ്പോഴും മരടിലെ സ്വപ്നക്കൂടാരങ്ങൾ തകർന്നു വീഴുന്ന കാഴ്ച മനസ്സിനെ തളർത്തുന്നു. അജ്ഞാതമായ ഏതോ ഒരു വിഷാദം ചിന്തകളിലും സിരകളിലും ഹൃദയത്തിലും വന്നു നിറയുന്നു. ഇവിടെ ചേക്കറിയിരുന്ന ഏതോ മനുഷ്യരുടെ  തേങ്ങലുകൾ പിൻവിളിയായി കേൾക്കുന്നു. മാധ്യമലോകത്ത് വൈകാരികതയ്ക്ക് ഇടമില്ല. ഒരു നിയമലംഘനത്തെയും വൈകാരികതകൊണ്ട് സാധുകരിക്കാനാവില്ല എന്നറിയാം. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നത് പ്രകൃതി നിയമമാണ്. എന്നാൽ ചില ഉത്തരവാദിത്വങ്ങൾ നിയമത്തിനും സമൂഹത്തിനുമുണ്ട് എന്നതും വിസ്മരിച്ചു കൂടാ. സംരക്ഷിക്കേണ്ടത് നമുക്ക് നിയമത്തെ മാത്രമല്ല, മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും സമ്പാദ്യത്തെയും കൂടിയാണ്. ഇതും ഒരു സാമൂഹ്യ പ്രതിബദ്ധതയാണ്. മനുഷ്യപക്ഷചിന്തയുമാണ്.

മരട് ചില  ചിന്തകൾക്കും തിരികൊളുത്തി.

മരടിലെ ഫ്ലാറ്റുകൾ ഓർമ്മയായി.  ഈ ഫ്ലാറ്റുകൾ കെട്ടിപ്പടുക്കുന്നതിന് വർഷങ്ങളെടുത്തിരുന്നു. ഇതിന്റെ basement മാത്രം  പൂർത്തിയാക്കുവാൻ മാസങ്ങൾ വേണ്ടി വന്നിരുന്നു.  ആ കെട്ടിടങ്ങളുടെ പ്ലാൻ വരച്ച എൻജിനീയർ  ആയിരിക്കില്ല  അതിൻറെ basement നിർമ്മിച്ചത്.  സ്ട്രക്ചറൽ എൻജിനീയർ  ആയിരിക്കും അടിത്തറ നിർമ്മിച്ചത്.
അപ്പോൾ  ഈ  ഫ്ലാറ്റുകൾ ഉയരുന്നതിന് വർഷങ്ങൾ വേണ്ടി വന്നു. എന്നാൽ അത് പൊളിച്ചു മാറ്റുന്നതിന് മണിക്കൂറുകൾ മതിയായിരുന്നു

ഇത് നമുക്ക് തരുന്ന  ചില ചിന്തകൾ ഉണ്ട്.  മനുഷ്യബന്ധങ്ങൾ രൂപപെടുന്നതിനു  നാളുകൾ ആവശ്യമാണ്. ഒരു സുഹൃത്ത് ബന്ധമോ, ബന്ധുക്കളുമായി ഉള്ള ബന്ധങ്ങളോ ദൃഡപ്പെടുന്നത് നാളുകൾ ആയുള്ള ഇടപഴകുകളിൽ കൂടി ആണ്. എന്നാൽ ഇത്തരം  നാളുകളായുള്ള ബന്ധങ്ങൾ തകരാൻ നിമിഷങ്ങൾ മതി.  നമ്മുടെയൊക്കെ  പല ബന്ധങ്ങളും രൂപപ്പെട്ടത്  ഒരു മണിക്കൂർ കൊണ്ടോ രണ്ടു മണിക്കൂർ കൊണ്ടോ  ഒരു ദിവസം കൊണ്ടോ  ആയിരിക്കില്ല.  ഇപ്പോൾ നമുക്കുള്ള പല ബന്ധങ്ങളും ദീർഘനാൾ കൊണ്ട് ഉണ്ടായ ആഴമേറിയ ബന്ധങ്ങളാണ്.  എന്നാൽ ഇത് തകരുവാൻ മിനിറ്റുകൾ മാത്രം മതിയാകും. ചില വാക്കുകൾ,  ചില സംസാരങ്ങൾ, ചില ഫോൺകോളുകൾ,  ചില മെസേജുകൾ,  ഒക്കെ ബന്ധങ്ങൾ തകരുന്നത് ഇടയായി തീരുന്നവയാണ് എന്ന്  ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നു.  നാം ബന്ധങ്ങളെ പണിയുന്നവർ ആയിത്തീരണം. ബന്ധങ്ങൾ തകർക്കുന്നവരാകരുത്.

ഒന്നോർക്കുക ബന്ധങ്ങൾ പണിയാൻ വർഷങ്ങൾ വേണ്ടി വരാം എന്നാൽ ബന്ധങ്ങൾ തകരാൻ മിനിറ്റുകൾ മതി.

Friday, January 10, 2020

കാഴ്ചയുടെ ധ്വനിതലങ്ങൾ

സത്യത്തെ മറയ്ക്കുന്ന മിഥ്യകൾ

https://www.youtube.com/watch?v=89sHWbv5_jk

ചിത്രങ്ങളോരോന്നും അർത്ഥവത്തായ ദൃശ്യങ്ങളാണ്.  ഓരോ ചിത്രങ്ങളും പലതരം പ്രതീകങ്ങളുമാണ്.  ഈ ്പ്രതീകങ്ങളെല്ലാം ഗൂഢാർത്ഥങ്ങളെ വഹിക്കുന്നവയാണ്.  അതിനെ നമ്മൾ അപഗ്രഥിച്ചുകഴിഞ്ഞാൽ യഥാർത്ഥമായ അർത്ഥതലങ്ങളിൽ എത്തിച്ചേരും.  മറ്റൊരു രീതിയിൽ പറഞ്ഞാൽ  'signs have a code when we decode it, we will get a meaning.'   മാത്രവുമല്ല, പ്രതീകങ്ങൾക്കെല്ലാം ഒരു രാഷ്ട്രീയമുണ്ട്.  പലതും പ്രതീകവത്കരിക്കപ്പെടുന്നത് മൂല്യവവസ്ഥയ്ക്ക് അനുസൃതവുമായിരിക്കും. പ്രതീകങ്ങളെന്നാൽ ചിഹ്നങ്ങളാണ്.  ചിഹ്നങ്ങൾ രണ്ടു തരവുമുണ്ട്. സാംസ്‌കാരികചിഹ്നങ്ങളും (cultural signs) സാർവത്രികചിഹ്നങ്ങളും (universal signs) ഉദാഃ മുണ്ടു ധരിക്കുന്നത്, സുമംഗലികൾ സിന്ദൂരമണിയുന്നത് cultural signs, ട്രാഫിക് സിഗ്നലുകൾ യൂണിവേഴ്‌സൽ സൈൻ .

വാക്ക് എന്നാൽ അർത്ഥവത്തായ ഒരു ശബ്ദം എന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്.  ആ ശബ്ദങ്ങൾക്ക് ഒരു ടോൺ ഉണ്ട്.  ടോണുകൾ ഒരു കോഡാണ്.  അത് ഡീക്കോഡ് ചെയ്താൽ ഒരു അർത്ഥം  നമുക്ക് ലഭിക്കുന്നു.  എന്നാൽ, ആശയവിനിമയത്തിന്റെ മറ്റൊരു ഉപാധിയായ ചിത്രങ്ങൾ (images) വാക്കുകളെക്കാൾ മികവുറ്റതായി, പ്രഗത്ഭമായി നമ്മോട് സംവാദം ചെയ്യുന്നു.  അതിനാൽ ദൃശ്യമാധ്യമങ്ങൾ (Visual Language) ഈ ചിത്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നു.  ചിത്രങ്ങൾക്ക് ഇത്തരത്തിലുള്ള സംവേദനക്ഷമതയും സംവാദം ചെയ്യാനുള്ള കഴിവുകളും ഉണ്ടെങ്കിലും വാക്കുകൾ ഇവയുടെമേൽ ആധിപത്യം ചെലുത്തി ചിത്രങ്ങളെ സംസാരിക്കുവാൻ അനുവദിക്കാതിരിക്കുന്ന കാഴ്ചയാണ് നാം ചുറ്റും കാണുന്നത്.  സംസാരഭാഷകൊണ്ട് ചിത്രങ്ങളുടെ ആശയവിനിമയശേഷിയെ അടിച്ചമർത്തുന്നു (Suppression of images with spoken words).  സിനിമയിലാണെങ്കിൽ അത് ആരംഭിച്ചാലുടൻ സംഭാഷണം ആരംഭിക്കും.  എന്നാൽ നിശ്ശബ്ദതയ്ക്ക് അപാരമായ അർത്ഥമുണ്ട്.   നിശ്ശബ്ദതയെ വഹിക്കുന്ന പ്രകാരങ്ങളാണ് ചിത്രങ്ങൾ (images).

ഉദാഹരണമായി ഒരു നിശ്ശബ്ദഹ്രസ്വചിത്രത്തെ ഒന്ന് വിലയിരുത്താം. കണ്ണെത്താദൂരത്ത് പാടശേഖരമെന്നു തോന്നിക്കുന്ന വിജനമായ ഒരിടം. കാറ്റിന്റെ ചൂളംവിളികളിൽ ആടിയുലയുന്ന ചെടിപ്പടർപ്പുകൾ.  ചുറ്റുമുള്ള നിശ്ശബ്ദതയെ ഭേദിക്കുമാറ് കാക്കയുടെ നിർത്താതെയുള്ള കരച്ചിൽ.  ഒരു സ്ത്രീയുടെ നഗ്നമായ കാലുകൾ, അതിന്റെ പിടച്ചിൽ, ചോരത്തുള്ളികൾ മണ്ണിൽ തുളച്ചിറങ്ങിയ ചോരപുരണ്ട കത്തി, ഇതിനിടയിൽ നിന്നും തലയുയർത്തി എഴുന്നേറ്റു വന്ന ക്രൂരഭോവത്തോടുകൂടിയ ഒരു മനുഷ്യൻ, അയാളുടെ പരവേശത്തോടെയുള്ള നോട്ടം, പരക്കംപാച്ചിൽ ഇതെല്ലാമാണ് ആ ഹ്രസ്വചിത്രത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.  ക്യാമറ ഇവിടെ ഭീതിദമായ ഒരു അന്തരീക്ഷമാണ് ഇതിലൂടെ ചിത്രീകരിക്കുന്നത്.  ക്യാമറകൊണ്ട് കള്ളത്തരങ്ങൾ പറയാം, അതേപോലെ സത്യവും. ദൃശ്യമാധ്യമത്തിലൂടെ നമ്മെ തെറ്റിദ്ധരിപ്പിക്കാനാകും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണീ ഹ്രസ്വചിത്രം.  ഇത് കാണുന്നതിലൂടെ നമ്മുടെ മനസ്സ് പലതും സങ്കല്പിക്കും.  ഒരു സ്ത്രീയെ എന്തിനോവേണ്ടി ദാരുണമായി കൊലപ്പെടുത്തുകയാണെന്നുപോലും തോന്നും.  തെറ്റായ ചാവി ഉപയോഗിച്ച് കാർ തുറക്കാൻ ശ്രമിക്കുന്നത്, കാറിന്റെ ഡിക്കിയിൽ നിന്നും തുണിക്കഷ്ണം എടുക്കുന്നത്, പോലീസ്‌വാഹനങ്ങൾ, ട്രാക്ടർ ഇവയെല്ലാം മറ്റ് സൂചകങ്ങളാണ്.  മോഷണമായിരുന്നോ, ശരീരത്തിന്റെ ഉപഭോഗമായിരുന്നോ അതോ മറ്റുവല്ല പകപോക്കലുമായിരുന്നോ അയാളുടെ ലക്ഷ്യം എന്ന് നമ്മുടെ മനസ്സ് പലതും ചിന്തിച്ചുകൂട്ടും ഈ ചുരുങ്ങിയ വേളയിൽ.  എല്ലാ തെറ്റായ ധാരണകളുടേയും ഒടുവിൽ കേട്ട കുഞ്ഞിന്റെ കരച്ചിൽ അവിടെ തളംകെട്ടിനിന്ന ഭയാനകമായ ഇടത്തിൽ പൊട്ടിച്ചിരികൾ മുഴക്കി.   പിറവിയുടെ നിമിഷങ്ങളെയാണിവിടെ ചിത്രീകരിച്ചിരുന്നത് എന്ന് ആ സമയം മാത്രമാണ് നാം മനസ്സിലാക്കുന്നത്.

ഈ ഹ്രസ്വചിത്രത്തിൽ ധാരാളം sign അഥവാ ചിഹ്നങ്ങൾ ഉണ്ട്.  ഇതിനെ തെറ്റായിട്ടാണ് നാം ഡീക്കോഡ് ചെയ്യുന്നത്.  അതിനാൽ തെറ്റായ അർത്ഥങ്ങൾ നമുക്ക് ലഭിക്കുന്നു ആദ്യം.  കുട്ടി ഒരു sign ആണ്.  ഈ കുട്ടിയിലൂടെയാണ് ആ സ്ത്രീ അമ്മയാകുന്നത്.  ഈ ചിത്രത്തിൽ കാണുന്നയാൾ അവരുടെ ഭർത്താവാണോ, കാമുകനാണോ, കൂട്ടുകാരനാണോ അതോ അപരിചിതനായിട്ടുള്ള ആളുകളാരെങ്കിലുമാണോ എന്നിങ്ങനെയുള്ള സംശയങ്ങളും വിഹ്വലതകളും നമ്മുടെ മനസ്സിൽ രൂപപ്പെടുന്നു.  എന്നാൽ ഈ ചിത്രത്തിലെ ഏറ്റവും സമർത്ഥമായിട്ടുള്ള sign അഥവാ പ്രതീകം ട്രാക്ടർ ആണ് .  അവസാനത്തെ ഷോട്ടിലാണത് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ഒരൊറ്റ sign ഈ കഥയെ പരിപൂർണ്ണതയിലെത്തിക്കുന്നു.  ഈ ചിത്രത്തിലെ ആൾ ഒരു കൃഷിക്കാരനായിരുന്നു.  അയാൾ പാടത്ത് പണിയെടുക്കുന്ന വേളയിൽ ആ പരിസരത്തിലൂടെ കാറോടിച്ചു വന്ന ഗർഭിണിയായ സ്ത്രീ, പ്രസവവേദനമൂലം അയാളോട് സഹായമഭ്യർത്ഥിച്ചു.  അങ്ങനെ അവരെ സഹായിക്കുന്ന കാഴചയാണ് നമ്മൾ ഇതിൽ കണ്ടത്.  ഇയാൾ തന്നെ വിളിച്ചിട്ടാണ് പോലീസും ആംബുലൻസും മറ്റും അവിടേക്ക് എത്തുന്നതും. ഇതെല്ലാം ശരിയായ അർത്ഥത്തിൽ നാം മനസ്സിലാക്കുന്നത് ട്രാക്ടർ എന്ന ഒറ്റ sign-ലൂടെയാണ്. ഇതൊന്നും എഴുതി വാക്കുകൾകൊണ്ട് ഫലിപ്പിക്കുവാൻ സാധിക്കുന്ന കാര്യങ്ങളല്ല.  പറഞ്ഞു ഫലിപ്പിക്കാനാകില്ല.  ഈ ചിത്രങ്ങളിൽ (images) അടങ്ങിയിരിക്കുന്നു. ചിഹ്നങ്ങൾ (signs) എല്ലാംതന്നെ സാർവ്വത്രിക ചിഹ്നങ്ങളാണ് (Universal signs).  ഒരു ഭാഷയിലെ സംഭാഷണങ്ങൾ മനസ്സിലാക്കണമെങ്കിൽ നമുക്ക് ആ ഭാഷ അറിഞ്ഞിരിക്കണം.  എന്നാൽ നിശ്ശബ്ദചിത്രത്തിലെ മൗനത്തിന്റെ ഭാഷ ഏവർക്കും മനസ്സിലാകുന്ന ഒന്നാണ്. ഭാഷാജ്ഞാനത്തിന്റെ ആവശ്യമില്ല.  ഒരു image-നേയും അതിന്റ sign-നേയും അപഗ്രഥിക്കാനെന്നു സാരം.  അതിനാൽ നമുക്കു പറയാം 'Visual Language is much more Universal and going to the higher range and it can reach more people'.



കടലോളം മാലിന്യം കടൽക്കരയിൽ

കടൽത്തീര കാഴ്ച : കടലോളം മാലിന്യം കടൽക്കരയിൽ 



തീരം തേടിയെത്തുന്ന തിരകൾ.. ആർത്തലച്ച് തിമിർത്ത്, ചിലപ്പോൾ മുട്ടിയുരുമ്മി സല്ലപിച്ച് തിരികെപ്പോകുന്ന തിരകൾ.. എന്തൊക്കെയോ പറയാൻ വെമ്പി, എന്തൊക്കെയോ പറയാൻ ബാക്കിവച്ച് മടങ്ങുന്ന തിരകൾ...

കടൽത്തീരം തിരകളില്ലാതെ സങ്കല്പിക്കാനാകില്ല.  തിരയാണ് തീരത്തിന്റെ അഴക്.  എന്നാൽ തിരയില്ലാത്ത കടലും ഉണ്ട്.  ഉദാഹരണത്തിന് ഗൾഫ് തീരങ്ങൾ  .  നിശ്ചലമായിക്കിടക്കുന്ന ആ വെള്ളക്കെട്ടിനെ കടൽ എന്ന് അഭിസംബോധന ചെയ്യുന്നത് തികച്ചും അപവാദമാണ്.

കടലിന്റെ അഗാധതയിൽ നിന്ന് മുത്തുകൾ വാരി പ്രണയസമ്മാനമായി തീരത്തിനു നൽകി മടങ്ങുന്ന തിരകൾ.  അത് തന്റെ പ്രണയത്തെ തിരികെ ഏൽപിച്ചിട്ട് പിൻമടങ്ങുയാണോ എന്ന് തോന്നിപ്പോകും.  തിരയ്ക്ക് തീരത്തോടുള്ള പ്രണയം പരിഭവമായും വിരഹമായും വഴിമാറി ഒഴുകുന്നതും കാണാം.

കടലിനെ നോക്കി ഒരു കവി പാടി.

'ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്‌നാക്രാന്തം
താന്തമാരബ്ധക്ലേശ രോമന്ഥം മമ സ്വാന്തം
ദൃപ്തസാഗര, ഭവദ്രൂപ ദർശനാലർദ്ധ
സുപ്തമെന്നാത്മാവന്തർലോചനം തുറക്കുന്നു!!'

അർദ്ധസുപ്തമായ അന്തർലോചനംവരെ തുറക്കാൻ കഴിവുള്ള സാഗരദർശനം.  കടലുള്ളതുകൊണ്ടാണതിനെ കടൽത്തീരം എന്നു വിളിക്കുന്നത്.  അതുകൊണ്ട് തീരത്തിന്റെ അസ്തിത്വം കടലുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജൂഹു കടൽത്തീരത്തെക്കറിച്ച് ഒരു പ്രശസ്ത കഥാകാരിയും എഴുതുകയുണ്ടായി.  സാഹിത്യത്തിലുള്ള അടയാളപ്പെടുത്തലുകൾ ഇനിയും ഉണ്ട്.

പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു മുഖം മാത്രമല്ല ഇന്ന് കടലിനും കടൽത്തീരത്തിനും ഉള്ളത്.  മലിനീകരണഭീഷണിയിലാണ് ഇന്ന് കടൽത്തീരം.  കടലോളം മാലിന്യം കടൽത്തീരത്തിനുണ്ട്. രാജ്യത്തെ ഏറ്റവും മലിനമായ കടൽത്തീരം കേരളത്തിലാണ്.  നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (N.C.C.R.) രാജ്യത്തുടനീളം നടത്തിയ ശുചീകരണത്തിന്റെ റിപ്പോർട്ടിലാണ് ഈ വിവരം.  സമുദ്രവും കടൽത്തീരവും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ആവശ്യമാണ്.



കടലോരത്ത് മാലിന്യം ഏറ്റവും കുറവ് ഒഡീഷയിലാണ്.  കടൽത്തീരമാലിന്യം ഏറ്റവും കൂടുതൽ കേരളം, പിന്നെ തമിഴ്‌നാട്, അതു കഴിഞ്ഞാൽ മഹാരാഷ്ട്ര.  രാജ്യത്തെ 34 ബീച്ചുകളിൽനിന്നായി 35 ടൺ മാലിന്യം നീക്കംചെയ്തു.  ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന ഗോവയിലെ തീരങ്ങളിൽ ക.ൃത്യമായ ശുചീകരണം നടത്തുന്നുണ്ട്. ചെന്നൈയിൽ മറീന ബീച്ചും എലിയറ്റ് ബീച്ചും മാലിന്യക്കൂമ്പാരത്തിൽ മുന്നിലുണ്ട്.  രണ്ടു മണിക്കൂറിനുള്ളിൽ കേരളത്തിലെ അഞ്ചു കടൽത്തീരങ്ങളിലാണ് ശുചീകരണം നടത്തിയത്.  ലഭിച്ചത് 9519 കിലോഗ്രാം മാലിന്യം.  ഉത്തരവാദിത്വമില്ലാത്ത വിനോദസഞ്ചാരമാണ് പ്രധാന കാരണം. പ്ലാസ്റ്റിക് മാലിന്യമാണ് ഏറ്റവുമധികം. ഈ മാലിന്യത്തിന്റെ പുനഃചംക്രമണവിദ്യകൂടി അനുബന്ധമായി ഉണ്ടാകേണ്ടതുണ്ട്.  ദൂരവ്യാപകമായ പാരിസ്ഥിതിക ആരോഗ്യപ്രശ്‌നങ്ങളാണ് ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ നമ്മെ വിഴുങ്ങാൻ പോകുന്നത്.

കാലാവസ്ഥാവ്യതിയാനം വലിയ തോതിൽ ബാധിക്കുന്ന പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കയാണിന്ന്.  2050 ആകുമ്പോഴേക്കും ശരാശരി ആഗോള കടൽനിരപ്പ് 20-30 സെന്റിമീറ്റർവരെ വർദ്ധിക്കാൻ ഇടയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.  ഇതെല്ലാം തീരദേശവാസികളെയാണ് ബാധിക്കുന്നത്. കാലവർഷസമയത്തുള്ള, എന്നാൽ മുൻപില്ലാത്തവിധമുള്ള, കടലാക്രമണം ഇന്ന് രൂക്ഷമാണ്.  ഇതിൽ വീടും കൃഷിയും മണ്ണും നഷ്ടപ്പെട്ടവർ ധാരാളം. ഇവരുടെ പുനരധിവാസം എത്രത്തോളം ഗുണപ്രദമാകുന്നുവെന്ന് ചിന്തിക്കേണ്ട വിഷയമാണ്.
കടൽത്തീരപ്രശ്‌നങ്ങൾ എല്ലാം ദൂരീകരിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.  പ്രകൃതിയ്ക്ക് നിരക്കാത്ത രീതിയിലുള്ള ജീവിതരീതികളും വികസനസങ്കല്പങ്ങളും വിചാരണയ്ക്ക് വിധേയമാക്കണം.  ഇല്ലെങ്കിൽ ഒരു ജനതയുടെ ഭാവി തിരയെടുത്തുകൊണ്ടുപോകാനുള്ള സാദ്ധ്യത ഓർമ്മിപ്പിക്കാതെ തരമില്ല .