മാധ്യമ വിചാരധാര 2
മാധ്യമപ്രശ്‌നവിചാരം
മാധ്യമസംസ്‌കാരം സമൂഹമനസ്സിനെ ആഴത്തിൽ സ്വാധീനിച്ചു. നവമാധ്യമങ്ങൾ പ്രത്യേകിച്ചും. അതിന് തീർച്ചയായും ധാരാളം നല്ല വശങ്ങളുണ്ട്. ലോകത്തെവിടെ എന്തു നടന്നാലും ഞൊടിയിടയ്ക്കുള്ളിൽ നമുക്ക് മുന്നിൽ എത്തിക്കുന്ന സാങ്കേതിക വൈദഗ്ദ്ധ്യം വിവരണാതീതമാണ്. എന്നിരുന്നാലും ചില മറുപുറങ്ങൾ കൂടി ഉണ്ട് ഇവയ്ക്ക്. കൗമാരക്കാരുടെ സ്വഭാവരൂപീകരണം, പരസ്യങ്ങൾ സൃഷ്ടിക്കുന്ന സംസ്‌കാരം, ശാരീരിക-മാനസിക ആരോഗ്യം, നാർകോട്ടീകരണം, ഉപഭോക്തൃസംസ്‌കാരം, നവമാധ്യമസംസ്‌കാരം തുടങ്ങിയവയ്ക്ക് പാർശ്വഫലങ്ങൾ കൂടിയുണ്ട്.
മുത്തശ്ശിമാർ, കഥ പറഞ്ഞിരുന്ന കാലം ഇന്ന് ഓർമ്മകളിൽ മാത്രം. തത് സ്ഥാനത്ത് മാധ്യമങ്ങളാണ് ഉപദേശികൾ. കുടുംബജീവിത്തിൽ മാതാപിതാക്കൾക്കും മുതിർന്നവർക്കും മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള സ്വാധീനത്തെ ആദേശം ചെയ്തുകൊണ്ട് മാധ്യമനിർമിത കഥകൾ വന്നു ഭവിച്ചത് ആശാസ്യമാണോ എന്ന് സാമൂഹ്യശാസ്ത്രജ്ഞർ ചിന്തിച്ചുതുടങ്ങിയിരിക്കണം.
മാധ്യമങ്ങളിൽ അടിക്കടി വരുന്നു അക്രമവാർത്തകളും അക്രമം നിറഞ്ഞ ലൈംഗികത കുത്തിവയ്ക്കുന്ന ''വിനോദ'' പരിപാടികളും മനുഷ്യമനഃശാസ്ത്രത്തെ, പ്രത്യേകിച്ച് കൗമാരപ്രായ്ക്കാരെ എങ്ങനെ ബാധിക്കുമെന്ന് മനഃശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ക്രൂരമരണങ്ങളാണ് മാധ്യമങ്ങളിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്നത്. സമൂഹത്തിൽ അക്രമവും ലൈംഗിക അരാജകത്വവും വർദ്ധിപ്പിക്കുവാൻ മാധ്യമങ്ങൾ, പരോക്ഷമായെങ്കിലും കാരണമാകുന്നുണ്ട് എന്നു വേണം കരുതാൻ. സംഭ്രമജനകമായ വാർത്തകളും വിവരങ്ങളും ചിത്രങ്ങളും മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട് എന്നതിൽ സംശയമില്ല. അക്രമസംഭവങ്ങളുടെ നൈരന്തര്യത്തെ നിത്യേന കാണുന്നവർക്ക് അക്രമങ്ങളോട് പ്രതികരിക്കാൻ വൈമുഖ്യമുണ്ടായാൽ അതിൽ അത്ഭുതപ്പെടാനില്ല. കാരണം സമൂഹമനസ്സിലുണ്ടാകാനിടയുള്ള മരവിപ്പ് ധാർമ്മികരോക്ഷത്തെ കെടുത്തിക്കളയും, പ്രതികരണശേഷിയെ നഷ്ടപ്പെടുത്തും. നാർകോട്ടീകരണം (narcotization) എന്ന അവസ്ഥയുടെ വിശേഷവും മനുഷ്യമനസ്സിനെ ബാധിച്ചിട്ടുണ്ട്.
സ്ത്രീകളെയും കുട്ടികളെയും സാമൂഹമാധ്യമങ്ങളിലൂടെ വികലമായും വില്പനച്ചരക്കുകളായും അവതരിപ്പിക്കുന്നത് മറ്റൊരു പ്രശ്‌നമണ്ഡലം. ഇതിനെതിരെ നിയമങ്ങൾ രംഗത്തു വന്നിട്ടുണ്ട്. 21-ാം നൂറ്റാണ്ട് സൈബർ ആക്രമണങ്ങൾക്ക് നിത്യം സാക്ഷിയാകുന്നുണ്ട്. സൈബർ ആക്രമണങ്ങൾക്ക് (Cyber violence) മറ്റൊരു പേരാണ് Cyberbullying. ഒരാളുടെ വികാരങ്ങളെ ക്ഷതമേൽപ്പിക്കുക, പരിഹസിക്കുക, ഭീഷണിപ്പെടുത്തുക, മാനസികമായി പീഡിപ്പിക്കുക, ദുർവിനിയോഗം ചെയ്യുക തുടങ്ങി ഓൺലൈൻ മാധ്യങ്ങളിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളുടെ സാങ്കേതിക പദമാണ് Cyberbullying. ആഭാസകരമായ ഓൺലൈൻ സന്ദേശങ്ങളയക്കുക. സോഷ്യൽ മാധ്യമങ്ങളിലെ 'Post' കളിൽ അനാശാസ്യമായ പ്രതികരണം (comment) ഇടുക, ഒരു വ്യക്തിയുടെ പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും അനുവാദമില്ലാതെ സങ്കോചമുളവാക്കുന്ന ഫോട്ടോകൾ ഓൺലൈൻ മാധ്യമങ്ങളിലിടുക, സ്ത്രീകളെ ചീത്തവാക്ക് പറയുക, അപവദിക്കുക, നുണകൾ പ്രചരിപ്പിക്കുക മുതലായ എല്ലാം തന്നെ ഇതിൽ ഉൾപ്പെടും. പുരുഷന്മാരുടെ കാര്യത്തിലും ഇത്തരത്തിലുള്ള നിയമങ്ങൾ ബാധകമാണെങ്കിലും സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണത്തിന്റെ നിയമങ്ങൾ കുറെക്കൂടി ശക്തമാണ്.
United Nation Broadband Commission ന്റെ 2015 ലെ റിപ്പോർട്ട് പ്രകാരം 75 ശതമാനം സ്ത്രീകളും ഓൺലൈൻ മാധ്യമങ്ങളിൽ മാനസികപീഡനത്തിനോ, ആക്രമണ ഭീഷണിക്കോ വിധേയമാകാറുണ്ട് എന്നാണ് പറയപ്പെടുന്നത്. സ്ത്രീവിരുദ്ധവാചാടോപം Mysogynistic rhetoric) നവമാധ്യമങ്ങളിൽ സാർവത്രികമാണിപ്പോൾ. ഇതിനെതിരെ കഠിനമായ നടപടികൾ സ്വീകരിക്കണമെന്നും UN Broadband Commission ആവശ്യം ഉന്നയിച്ചിരുന്നു. പല രാജ്യങ്ങളും ഇതിന് നിയമപരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും അത്തരത്തിലുള്ള വകുപ്പുകൾ വന്നിട്ടുണ്ട്.
ടെലിവിഷൻ അല്ലെങ്കിൽ നവമാധ്യമങ്ങളുടെ മുന്നിൽ കണ്ണുചിമ്മാതെ ഇരിക്കുന്ന കുട്ടികളെ നമുക്ക് ഇന്ന് പരിചയമാണ്. ഭക്ഷണം പോലും അതിനു മുന്നിലിരുന്ന് കഴിക്കുമ്പോൾ വരാനിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവർ ബോധവാന്മാരല്ല. സമീപവാസികളായ കുട്ടികളുമായിചേർന്ന് വിനോദങ്ങളിലേർപ്പെടുന്നതിനു പകരം തന്നിലേക്ക് തന്നെ ഒതുങ്ങി എന്നാൽ സ്വന്തം വിരൽത്തുമ്പിലൊരു ലോകം സൃഷ്ടിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറയുടെ മാനസികതലത്തിന്ഡറെ ഉയർച്ച താഴ്ചകൾ എവിടെയാണ്.
രാമായണവും മഹാഭാരതവും പരമ്പരയായി ടെലിവിഷനിൽ വന്നകാലത്ത് അത് ജനങ്ങൾക്കിടയിൽ ഉളവാക്കിയ സ്വാധീനം വിസ്മരിക്കാനാകില്ല. സ്വന്തം പരിപാടികളെല്ലാം ക്രമീകരിച്ച് ആബാലവൃദ്ധം ജനങ്ങളും ടെലിവിഷനു മുന്നിൽ അന്ന് അണി നിരന്നു. തീവണ്ടി സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന ടെലിവിഷനിൽ ഈ പരമ്പര കാണാൻ തടിച്ചുകൂടിയ ആൾക്കൂട്ടം തീവണ്ടി ഗതാഗതത്തെ സ്തംഭിപ്പിച്ച ഒരു ചരിത്രം കൂടിയുണ്ടതിന്. ഈ ഇതിഹാസപരമ്പരകൾക്കു മുന്നിൽ കുളിച്ച് കുറിയിട്ട് ഭക്തിപുരസ്സരം അണി നിരന്ന ഒരു ഉത്തരേന്ത്യൻ ജനതയുടെ ചിത്രവും നമ്മൾ മറക്കാനിടയില്ല.
നേരംപോക്കിന് പാർശ്വകൃത്യമായി ടിവിയിലും, ഇന്റർനെറ്റിലും ദർശനം നടത്തുന്നവർക്ക് മാനസികമായി പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല്. രാവിലെ മുതൽ ചില ഭവനങ്ങളിൽ ടിവി ഓടിക്കൊണ്ടിരിക്കും. എന്നാൽ കാര്യമായി 'watch' ചെയ്യുന്നില്ല. ഇത്തരക്കാരെ 'Couch Potato' എന്നാണ് വിളിക്കുന്നത്. പക്ഷേ ചിലരുടെ സാമൂഹ്യമാധ്യമങ്ങളിലുള്ള അനുഭവം മയക്കുമരുന്ന് കഴിക്കുന്നതിനു തുല്യമാണ്. ഇത് ഒരു അത്യുക്തിയായി തോന്നാമെങ്കിലും ഇന്നത്തെ തലമുറയുടെ കാര്യത്തിൽ അത് വാസ്തവമാണ്. വികലമായ ഉപഭോക്തൃ സംസ്‌കാരത്തെയാണത് പടച്ചു വിടുന്നത്. ഉൽപ്പന്നങ്ങളോടുള്ള അടിമത്തം, അമിതവിധേയത്വം, വിവേചനാരഹിതമായ ഉൽപ്പന്നാരാധന, അമിത ഉപഭോഗത്താലുള്ള വികലമായ മനോല്ലാസം, വാങ്ങൽപ്രക്രിയ ഒരു കാരണവശാലും മാറ്റിവയ്ക്കാൻ കഴിയാത്ത പ്രകൃതം തുടങ്ങിയവയെല്ലാം ഉപഭോക്തൃസംസ്‌കാരത്തിന്റെ വൈകൃതങ്ങളാണ്. ഏഹ്‌റെൻറൈക് (Ehrenreich) എന്ന വനിതയുടെ അഭിപ്രായത്തിൽ ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഏറ്റവും ഉത്തമമായ ദൃഷ്ടാന്തം അല്ലെങ്കിൽ ഉത്പ്രേക്ഷ അടിമത്തം ഉണ്ടാക്കുന്ന മയക്കുമരുന്നാണെന്ന് ആണ്.
സെൻസേഷണൽ ന്യൂസുകളോടുള്ള കേരളീയ സമൂഹത്തിന്റെ അമിതാകാംക്ഷ ഇന്നത്തെ പ്രത്യേകതയാണ്. ട്രാജഡി, ഗോസിപ്പ്, ക്രൈം, കലഹങ്ങൾ എല്ലാം പ്രക്ഷേപണം ചെയ്യുന്ന ചാനലുകളുടെ പ്രസ്തുത സമയത്തെ rating കുത്തനെ ഉയരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇത് Yellow Journalism ത്തിലെ ഭാവപ്പകർച്ചകളായി വിലയിരുത്താം.'Bulletin of the day'
എന്ന് വിശേഷിപ്പിക്കുന്ന 6.00 PM News hr ൽ പരമാവധി viewership ഉള്ളതിനാൽ ചാനൽ rating ഉയർന്നിരിക്കും. പൊടുന്നനെ അതിനൊരു കുത്തനെയുള്ള ഇറക്കം 9.00 PM വരെ ന്യൂസ് ചാനലുകളിൽ വന്നുഭവിക്കുന്നത് കാഴ്ചവട്ടത്തിലെ കൗതുകകാഴ്ചയാണ്. അതിനു കാരണം മലയാളിക്കരയിലെ ഗൃഹനായികമാരുടെ കൈകളിലേക്ക് remote കൾ കൈമാറ്റം ചെയ്യപ്പെടുന്നതാണ്. സ്വീകരണമുറിയിൽ വിരുന്ന വരുന്ന സീരിയലുകളുടെ രാജവാഴ്ച സമ്മതിക്കാതിരിക്കാൻ തരമില്ല.
രാവിലെ പത്രം കാത്തിരിക്കുന്ന ഒരു തലമുറ ഇന്ന് അന്യം നിന്നുപോയി. വാർത്തയുടെ രത്‌നചുരുക്കം ടെലിവിഷനിലും നവമാധ്യമങ്ങളിലും കണ്ട ജനത്തിന് വാർത്തയുടെ ഭാഷാവിവരണമായി പുറത്തിറങ്ങുന്ന പത്രത്തോടുള്ള ആവേശം തെല്ലൊന്ന് തണുത്ത നിലയിലാണ്. വാർത്തയിൽ ശ്വസിച്ച്, വാർത്തയിൽ ഭക്ഷിച്ച്, വാർത്തയിൽ ജീവിച്ച്, വാർത്താ ശരീരം ആയി മാറിയ മലയാളികളുടെ വാർത്താ സങ്കല്പങ്ങൾക്കും മാറ്റം സംഭവിച്ചിട്ടുണ്ട്. മാധ്യമങ്ങൾ നൽകുന്ന വാർത്തകളോടുള്ള പൊതുജന വിയോജിപ്പിന്റെ അളവ് കൂടിയിട്ടുണ്ട്. മാധ്യമങ്ങളുടെ അടിസ്ഥാനമൂല്യങ്ങളെയും ധാർമ്മികതയെയും കുറിച്ചുള്ള ചോദ്യങ്ങൾ അവിടവിടെ ഉയർന്നു കേൾക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങൾ (Fb, Whatsapp) പരമ്പരാഗത പത്രപ്രവർത്തനത്തിനു ബദൽതന്നെ നിർമ്മിക്കുന്നു. പത്രനിലപാടുകളെപ്പോലും ചോദ്യം ചെയ്യുന്ന കാഴ്ചയും കാണാം.
ആധുനിക നാഗരികതയുടെ മിത്തുകളാണ് പരസ്യങ്ങൾ. അറിഞ്ഞും അറിയാതെയും നമ്മിലേക്ക് വന്നു കയറുന്നു പരസ്യങ്ങൾ. മാധ്യമങ്ങളും പരസ്യങ്ങളും പരസ്പരം ഏറെ ആശ്രയിച്ചും സഹകരിച്ചും മുന്നോട്ടു പോകുന്നു. പരസ്യസംസ്‌കാരത്തിൽ ജീവിതശൈലിയെ അനുകൂലമായും പ്രതികൂലമായും ബാധിക്കാനാകും. ഓരോ പരസ്യവും ഒരു അയതാർത്ഥ/അഭൗമിക ജീവിതത്തിന്റെ നുറുങ്ങാണ്. മനോഹരമായ അവതരണത്തിലൂടെ ചിലനേരം പശ്ചാത്തല സംഗീതത്തിലൂടെ ഒരു മാന്ത്രിക ലോകത്തേക്ക് നമ്മെ ആനയിക്കുന്നു. അതിലൂടെ ചില ഉൽപ്പന്നങ്ങളെ നമുക്ക് പരിചയപ്പെടുത്തുകയാണ്. പരസ്യങ്ങൾ ആശയങ്ങളാണ് .ആവർത്തനത്തിലൂടെ ആശയക്കൊഴുപ്പ് പ്രേക്ഷകരുടെ കണ്ണിലൂടെ കാതിലൂടെ മസ്തിഷ്‌ക്കത്തിലേക്ക് നുഴഞ്ഞു കയറുകയാണ്. Caption പോലും വിപണനതന്ത്രത്തിന്റെ ഭാഗമാണ്.
ഒട്ടകത്തിന് സൂചികുഴ പോലെയാണ് ഇന്ന് മാധ്യമ സ്വാതന്ത്ര്യം. പലതരം സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടു നിൽക്കുന്നവയാണ് മാധ്യമങ്ങൾ. മൂല്യങ്ങളിൽ നിന്ന് മാധ്യമങ്ങൾ വ്യതിചലിക്കുമ്പോൾ, കാലക്രമത്തിലെങ്കിലും മനുഷ്യൻ അവയെ തിരസ്‌കരിക്കും എന്നത് ഓരോ മാധ്യമപ്രവർത്തകനും ഓർമ്മയിൽ സൂക്ഷിക്കുക. കാലികപ്രസക്തിയുള്ള കാര്യങ്ങളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള ചർച്ചകൾ കേവലം തുപ്പൽ കോളാമ്പി വ്യാപാരം പോലെ അർത്ഥശൂന്യമാണെന്ന് തിരിച്ചറിയുക. മാധ്യമപ്രവർത്തനത്തിന്റെ ഈ ഉത്തരാധുനിക കാലഘട്ടത്തിൽ സത്യാത്മകത്വം വസ്തുനിഷ്ഠത, ആധികാരികത തുടങ്ങിയ വ്യവസ്ഥാപിത ഗുണങ്ങൾ ആപേക്ഷികവും സങ്കല്പിതവും മാത്രമാവുകയാണ്. ഉത്തരാധുനിക മാധ്യമാന്തരീക്ഷം ഒരു ഹിമയുഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് നിസ്തർക്കം പറയാം.

No comments:
Post a Comment