സത്യത്തെ മറയ്ക്കുന്ന മിഥ്യകൾ
https://www.youtube.com/watch?v=89sHWbv5_jk
ചിത്രങ്ങളോരോന്നും അർത്ഥവത്തായ ദൃശ്യങ്ങളാണ്. ഓരോ ചിത്രങ്ങളും പലതരം പ്രതീകങ്ങളുമാണ്. ഈ ്പ്രതീകങ്ങളെല്ലാം ഗൂഢാർത്ഥങ്ങളെ വഹിക്കുന്നവയാണ്. അതിനെ നമ്മൾ അപഗ്രഥിച്ചുകഴിഞ്ഞാൽ യഥാർത്ഥമായ അർത്ഥതലങ്ങളിൽ എത്തിച്ചേരും. മറ്റൊരു രീതിയിൽ പറഞ്ഞാൽ 'signs have a code when we decode it, we will get a meaning.' മാത്രവുമല്ല, പ്രതീകങ്ങൾക്കെല്ലാം ഒരു രാഷ്ട്രീയമുണ്ട്. പലതും പ്രതീകവത്കരിക്കപ്പെടുന്നത് മൂല്യവവസ്ഥയ്ക്ക് അനുസൃതവുമായിരിക്കും. പ്രതീകങ്ങളെന്നാൽ ചിഹ്നങ്ങളാണ്. ചിഹ്നങ്ങൾ രണ്ടു തരവുമുണ്ട്. സാംസ്‌കാരികചിഹ്നങ്ങളും (cultural signs) സാർവത്രികചിഹ്നങ്ങളും (universal signs) ഉദാഃ മുണ്ടു ധരിക്കുന്നത്, സുമംഗലികൾ സിന്ദൂരമണിയുന്നത് cultural signs, ട്രാഫിക് സിഗ്നലുകൾ യൂണിവേഴ്‌സൽ സൈൻ .
വാക്ക് എന്നാൽ അർത്ഥവത്തായ ഒരു ശബ്ദം എന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. ആ ശബ്ദങ്ങൾക്ക് ഒരു ടോൺ ഉണ്ട്. ടോണുകൾ ഒരു കോഡാണ്. അത് ഡീക്കോഡ് ചെയ്താൽ ഒരു അർത്ഥം നമുക്ക് ലഭിക്കുന്നു. എന്നാൽ, ആശയവിനിമയത്തിന്റെ മറ്റൊരു ഉപാധിയായ ചിത്രങ്ങൾ (images) വാക്കുകളെക്കാൾ മികവുറ്റതായി, പ്രഗത്ഭമായി നമ്മോട് സംവാദം ചെയ്യുന്നു. അതിനാൽ ദൃശ്യമാധ്യമങ്ങൾ (Visual Language) ഈ ചിത്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നു. ചിത്രങ്ങൾക്ക് ഇത്തരത്തിലുള്ള സംവേദനക്ഷമതയും സംവാദം ചെയ്യാനുള്ള കഴിവുകളും ഉണ്ടെങ്കിലും വാക്കുകൾ ഇവയുടെമേൽ ആധിപത്യം ചെലുത്തി ചിത്രങ്ങളെ സംസാരിക്കുവാൻ അനുവദിക്കാതിരിക്കുന്ന കാഴ്ചയാണ് നാം ചുറ്റും കാണുന്നത്. സംസാരഭാഷകൊണ്ട് ചിത്രങ്ങളുടെ ആശയവിനിമയശേഷിയെ അടിച്ചമർത്തുന്നു (Suppression of images with spoken words). സിനിമയിലാണെങ്കിൽ അത് ആരംഭിച്ചാലുടൻ സംഭാഷണം ആരംഭിക്കും. എന്നാൽ നിശ്ശബ്ദതയ്ക്ക് അപാരമായ അർത്ഥമുണ്ട്. നിശ്ശബ്ദതയെ വഹിക്കുന്ന പ്രകാരങ്ങളാണ് ചിത്രങ്ങൾ (images).
ഉദാഹരണമായി ഒരു നിശ്ശബ്ദഹ്രസ്വചിത്രത്തെ ഒന്ന് വിലയിരുത്താം. കണ്ണെത്താദൂരത്ത് പാടശേഖരമെന്നു തോന്നിക്കുന്ന വിജനമായ ഒരിടം. കാറ്റിന്റെ ചൂളംവിളികളിൽ ആടിയുലയുന്ന ചെടിപ്പടർപ്പുകൾ. ചുറ്റുമുള്ള നിശ്ശബ്ദതയെ ഭേദിക്കുമാറ് കാക്കയുടെ നിർത്താതെയുള്ള കരച്ചിൽ. ഒരു സ്ത്രീയുടെ നഗ്നമായ കാലുകൾ, അതിന്റെ പിടച്ചിൽ, ചോരത്തുള്ളികൾ മണ്ണിൽ തുളച്ചിറങ്ങിയ ചോരപുരണ്ട കത്തി, ഇതിനിടയിൽ നിന്നും തലയുയർത്തി എഴുന്നേറ്റു വന്ന ക്രൂരഭോവത്തോടുകൂടിയ ഒരു മനുഷ്യൻ, അയാളുടെ പരവേശത്തോടെയുള്ള നോട്ടം, പരക്കംപാച്ചിൽ ഇതെല്ലാമാണ് ആ ഹ്രസ്വചിത്രത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ക്യാമറ ഇവിടെ ഭീതിദമായ ഒരു അന്തരീക്ഷമാണ് ഇതിലൂടെ ചിത്രീകരിക്കുന്നത്. ക്യാമറകൊണ്ട് കള്ളത്തരങ്ങൾ പറയാം, അതേപോലെ സത്യവും. ദൃശ്യമാധ്യമത്തിലൂടെ നമ്മെ തെറ്റിദ്ധരിപ്പിക്കാനാകും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണീ ഹ്രസ്വചിത്രം. ഇത് കാണുന്നതിലൂടെ നമ്മുടെ മനസ്സ് പലതും സങ്കല്പിക്കും. ഒരു സ്ത്രീയെ എന്തിനോവേണ്ടി ദാരുണമായി കൊലപ്പെടുത്തുകയാണെന്നുപോലും തോന്നും. തെറ്റായ ചാവി ഉപയോഗിച്ച് കാർ തുറക്കാൻ ശ്രമിക്കുന്നത്, കാറിന്റെ ഡിക്കിയിൽ നിന്നും തുണിക്കഷ്ണം എടുക്കുന്നത്, പോലീസ്‌വാഹനങ്ങൾ, ട്രാക്ടർ ഇവയെല്ലാം മറ്റ് സൂചകങ്ങളാണ്. മോഷണമായിരുന്നോ, ശരീരത്തിന്റെ ഉപഭോഗമായിരുന്നോ അതോ മറ്റുവല്ല പകപോക്കലുമായിരുന്നോ അയാളുടെ ലക്ഷ്യം എന്ന് നമ്മുടെ മനസ്സ് പലതും ചിന്തിച്ചുകൂട്ടും ഈ ചുരുങ്ങിയ വേളയിൽ. എല്ലാ തെറ്റായ ധാരണകളുടേയും ഒടുവിൽ കേട്ട കുഞ്ഞിന്റെ കരച്ചിൽ അവിടെ തളംകെട്ടിനിന്ന ഭയാനകമായ ഇടത്തിൽ പൊട്ടിച്ചിരികൾ മുഴക്കി. പിറവിയുടെ നിമിഷങ്ങളെയാണിവിടെ ചിത്രീകരിച്ചിരുന്നത് എന്ന് ആ സമയം മാത്രമാണ് നാം മനസ്സിലാക്കുന്നത്.
ഈ ഹ്രസ്വചിത്രത്തിൽ ധാരാളം sign അഥവാ ചിഹ്നങ്ങൾ ഉണ്ട്. ഇതിനെ തെറ്റായിട്ടാണ് നാം ഡീക്കോഡ് ചെയ്യുന്നത്. അതിനാൽ തെറ്റായ അർത്ഥങ്ങൾ നമുക്ക് ലഭിക്കുന്നു ആദ്യം. കുട്ടി ഒരു sign ആണ്. ഈ കുട്ടിയിലൂടെയാണ് ആ സ്ത്രീ അമ്മയാകുന്നത്. ഈ ചിത്രത്തിൽ കാണുന്നയാൾ അവരുടെ ഭർത്താവാണോ, കാമുകനാണോ, കൂട്ടുകാരനാണോ അതോ അപരിചിതനായിട്ടുള്ള ആളുകളാരെങ്കിലുമാണോ എന്നിങ്ങനെയുള്ള സംശയങ്ങളും വിഹ്വലതകളും നമ്മുടെ മനസ്സിൽ രൂപപ്പെടുന്നു. എന്നാൽ ഈ ചിത്രത്തിലെ ഏറ്റവും സമർത്ഥമായിട്ടുള്ള sign അഥവാ പ്രതീകം ട്രാക്ടർ ആണ് . അവസാനത്തെ ഷോട്ടിലാണത് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ഒരൊറ്റ sign ഈ കഥയെ പരിപൂർണ്ണതയിലെത്തിക്കുന്നു. ഈ ചിത്രത്തിലെ ആൾ ഒരു കൃഷിക്കാരനായിരുന്നു. അയാൾ പാടത്ത് പണിയെടുക്കുന്ന വേളയിൽ ആ പരിസരത്തിലൂടെ കാറോടിച്ചു വന്ന ഗർഭിണിയായ സ്ത്രീ, പ്രസവവേദനമൂലം അയാളോട് സഹായമഭ്യർത്ഥിച്ചു. അങ്ങനെ അവരെ സഹായിക്കുന്ന കാഴചയാണ് നമ്മൾ ഇതിൽ കണ്ടത്. ഇയാൾ തന്നെ വിളിച്ചിട്ടാണ് പോലീസും ആംബുലൻസും മറ്റും അവിടേക്ക് എത്തുന്നതും. ഇതെല്ലാം ശരിയായ അർത്ഥത്തിൽ നാം മനസ്സിലാക്കുന്നത് ട്രാക്ടർ എന്ന ഒറ്റ sign-ലൂടെയാണ്. ഇതൊന്നും എഴുതി വാക്കുകൾകൊണ്ട് ഫലിപ്പിക്കുവാൻ സാധിക്കുന്ന കാര്യങ്ങളല്ല. പറഞ്ഞു ഫലിപ്പിക്കാനാകില്ല. ഈ ചിത്രങ്ങളിൽ (images) അടങ്ങിയിരിക്കുന്നു. ചിഹ്നങ്ങൾ (signs) എല്ലാംതന്നെ സാർവ്വത്രിക ചിഹ്നങ്ങളാണ് (Universal signs). ഒരു ഭാഷയിലെ സംഭാഷണങ്ങൾ മനസ്സിലാക്കണമെങ്കിൽ നമുക്ക് ആ ഭാഷ അറിഞ്ഞിരിക്കണം. എന്നാൽ നിശ്ശബ്ദചിത്രത്തിലെ മൗനത്തിന്റെ ഭാഷ ഏവർക്കും മനസ്സിലാകുന്ന ഒന്നാണ്. ഭാഷാജ്ഞാനത്തിന്റെ ആവശ്യമില്ല. ഒരു image-നേയും അതിന്റ sign-നേയും അപഗ്രഥിക്കാനെന്നു സാരം. അതിനാൽ നമുക്കു പറയാം 'Visual Language is much more Universal and going to the higher range and it can reach more people'.

No comments:
Post a Comment