മാധ്യമ വിചാരധാര 1
മാധ്യമം, സംസ്കാരം, സമൂഹം
മാധ്യമങ്ങളും സംസ്‌കാരവും സമൂഹവും തമ്മിൽ ഇഴപിരിക്കാനാകാത്ത ബന്ധമുണ്ട്, പാരസ്പര്യമുണ്ട്, പരസ്പരപൂരകത്വമുണ്ട്. സംസ്‌കാരം പ്രത്യേക ജനതയുടെ പ്രത്യേക കാലയളവിലെ ജീവിതരീതിയെന്നതിലുപരിയായ അർത്ഥതലങ്ങളിലേക്ക് കടക്കുന്നു. സംസ്‌കാരം ഓരോരോ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നു. വേദകാലം, സംഘകാലം എന്നിവയിലെ സംസ്‌കാരം, ആര്യദ്രാവിഡസംസ്‌കാരം, സിന്ധുനദീതടസംസ്‌കാരം, കൊളോണിയൽ സംസ്‌കാരം തുടങ്ങി അനേകം പാരമ്പര്യങ്ങളിലൂടെ കടന്നുവന്നവരാണ് നമ്മൾ. ആധുനിക സംസ്‌കാരം ശാസ്ത്രസാങ്കേതികസംസ്‌കാരത്തിന്റെ പരിഛേദമാണ്. ഈ മേഖലയിലുള്ള വ്യതിയാനങ്ങളും വിസ്‌ഫോടനങ്ങളും മാനവസമൂഹത്തെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്.
മാധ്യമങ്ങൾക്കും സംസ്‌കാരമുണ്ട്. സാമൂഹ്യപ്രതിബദ്ധതയുണ്ട്. മൂന്നുതരം മാധ്യമങ്ങൾ ഉണ്ട്.
1. പരമ്പരാഗതം : കാവ്യശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നതുപോലെ നൃത്തസംഗീതാദി കലകൾ
2. മുദ്രണ-സംപ്രേഷണ-പ്രക്ഷേപണ മാധ്യമങ്ങൾ: പത്രം, റേഡിയോ, ടെലിവിഷൻ, മറ്റ് അച്ചടി മാധ്യമങ്ങൾ. ഇന്നിവയെ Legacy Media
എന്നാണ് അറിയപ്പെടുന്നത്.
3. അത്യാധുനിക മാധ്യമങ്ങൾ: ഇതാണ് നവമാധ്യമങ്ങൾ. സാങ്കേതിക സംസ്‌കാരത്തിന്റെ (Techno Culture) ഭാഗമായി രൂപംകൊണ്ടവ. ഇതിൽ ഇന്റർനെറ്റ് ആധാരമാക്കിയുള്ള പോർട്ടലുകളും, വെബ്‌സൈറ്റുകളും, യൂട്യൂബ് ചാനലുകളും ബ്ലോഗുകളും എല്ലാം ഉൾക്ക1ള്ളും. മൊബൈലുകളും ഇന്ന് മാധ്യമങ്ങളാണ്. സോഷ്യൽ മീഡിയകൾ എന്ന് നാം പരക്കെ വിളിക്കുന്ന ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ Social Networking site-കളും Social Networking Appliication-ഉം ഈ ഗണത്തിൽപ്പെടും.
മീഡിയ (medium)ത്തിന്റെ ബഹുവചനമായ മീഡിയ (media) ബഹുത്വത്തെ ഉൾക്കൊള്ളുന്ന ഏകവചനമായാണ് ഉപയോഗിക്കുന്നത്. എന്നാൽ ഏകാത്മകമായ ഒരു അർത്ഥത്തെയല്ല അത് സൂചിപ്പിക്കുന്നത്. അച്ചടിമുതൽ നവമാധ്യമങ്ങൾ വരെ ഉൾക്കൊള്ളുന്നതാണ് മാധ്യമം എന്ന സംജ്ഞ. മാധ്യമാന്തരതയുടെ (transmediality) കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സാങ്കേതികപുരോഗതിയിലൂടെ കമ്മ്യൂണിക്കേഷൻ വിപ്ലവം തന്നെയുണ്ടായി.
ക്രിസ്തുമതത്തിന്റെയും യൂറോപ്യൻ ജ്ഞാനോദയമൂല്യങ്ങളുടെയും പ്രചാരണമെന്ന ലക്ഷ്യത്തോടെ വിദേശീയരായ മതപ്രചാരകർ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടക്കംകുറിച്ച മലയാളപത്രപ്രവർത്തനം പത്രമെന്ന സാങ്കേതികനിർമ്മിതിയെ പരിചയപ്പെടുത്തി. കൊളോണിയൽ ആധുനികത്വത്തിന്റെ സംഭാവനയായ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെറുതെങ്കിലും ഒരു വായനാലോകത്തെ സൃഷ്ടിച്ചു. വിദ്യാഭ്യാസം കർത്തൃത്വബോധം ഉണ്ടാക്കുകയും ചെയ്തു. അതുവരെ കേരളീയജീവിതത്തിൽ പരിചിതമല്ലാതിരുന്ന സാമൂഹികനീതിക്കുവേണ്ടിയുളള സൂക്ഷ്മസ്വരങ്ങൾ ഉയരാൻ തുടങ്ങി. സാമൂഹിക നവോത്ഥാനം ആദ്യകാലത്ത് ലക്ഷ്യവുമായിരുന്നു.
ആധുനികത്വ (modernity)ത്തിൽനിന്ന് ഉത്തരാധുനികത്വ (post-modernity)ത്തിലേക്കള്ള മാധ്യമസംസ്‌കാരത്തിന്റെ വികാസം പുതുയുഗംതന്നെ സൃഷ്ടിച്ചു. സാമൂഹ്യയാഥാർത്ഥ്യത്തിന്റെ വസ്തുനിഷ്ഠമായ ആഖ്യാനമാണു പത്രപ്രവർത്തനം എന്ന നിഷ്‌ക്കളങ്കയാഥാർത്ഥ്യവാദ(naive realism)ത്തിലാണ് 20-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെയും മലയാള പത്രപ്രവർത്തനം ഉറച്ചുനിന്നത്. ഇന്നത്തെ സ്ഥിതി അതിൽനിന്നും വളരെ മാറിപ്പോയിരിക്കുന്നു--സത്യാനന്തരകാലഘട്ടം (Post Truth Era) എന്ന് വിശേഷിപ്പിക്കുന്ന ഈ സന്ദർഭത്തിൽ വസ്തുതകൾക്കും, യുക്തിക്കും, യാഥാർത്ഥ്യത്തിനും മുകളിൽ വിശ്വാസത്തിനും വികാരാവേശത്തിനും മേൽക്കൈ ലഭിക്കുന്നു. 'Post' എന്നത് രണ്ടു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. സത്യം മാത്രമുള്ള ഒരു മുൻകാലം ഉണ്ടായിരുന്നു എന്നു പറയുമ്പോൾ അത് യാഥാർത്ഥ്യമായിരുന്നോ സാങ്കല്പികമായിരുന്നോ എന്നൊരു ചോദ്യംകൂടി ഉന്നയിക്കുന്നുണ്ട്. സത്യാനന്തരകാലത്ത് സത്യം മരിച്ചു, സത്യത്തിന്റെ ശവമടക്ക് കഴിഞ്ഞു എന്നെല്ലാം സൂചനയുണ്ട്. നുണകൾ മാത്രമുള്ള കാലമായി മാറി. ബോധപൂർവമോ അബോധപൂർവമോ സത്യത്തിൽ നിന്ന് അകലുന്നു, അതിനോടൊപ്പം നടക്കാനാകുന്നില്ല. വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങളെ തിരസ്‌കൃതമാക്കി വിശ്വാസപ്രമാണങ്ങളും വികാരാവേശങ്ങളും ഈ ഘട്ടത്തിൽ ഊറ്റംകൊള്ളുന്നു.
കൃത്യത (Accuracy), സത്യസന്ധത (truthfulness), നീതിബോധം (fareness), നൈതികത (fareness), മനുഷ്യപക്ഷം (Humanness), ഉത്തരവാദിത്വം (Accountability), സ്വാതന്ത്ര്യം (freedom) എന്നിവയെല്ലാം പത്രധർമ്മങ്ങളാണ്. മാധ്യമധർമ്മങ്ങളിൽ പ്രമുഖമായിട്ടുളള ഒന്നാണ് പൊതുജനാഭിപ്രായരൂപീകരണം. ഇന്ന് മാധ്യമധർമ്മത്തിൽ പ്രകൃതിപക്ഷവുംകൂടി കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ മനുഷ്യപക്ഷത്തുനിന്നും രാഷ്ട്രപക്ഷത്തുനിന്നും ജനപക്ഷത്തുനിന്നും മാധ്യമങ്ങൾ വ്യതിചലിക്കുന്നതായി കാണാം. സ്വാതന്ത്ര്യാനന്തരം മാധ്യമപ്രവർത്തനം കച്ചവടവത്ക്കരിക്കപ്പെട്ടു. മൂലധനം നൽകുന്നവരുടെ താത്പര്യത്തെ സംരക്ഷിക്കുന്ന പ്രീണന നയമാണ് ചുറ്റും. സ്വതന്ത്രചിന്ത കൈമോശം വന്നുപോയി. മത-സാമുദായികസമ്മർദ്ദങ്ങൾക്കു വഴങ്ങുന്നത് മറ്റൊരു കാഴ്ച. മൂല്യബോധനഷ്ടം സർവ്വത്ര സംഭവിക്കുന്നു. ധീരപത്രപ്രവർത്തനം ഇന്ന് കാണാനാകില്ല. മാധ്യമങ്ങൾ നിർമ്മിതി അല്ലെങ്കിൽ ഉത്പന്നം മാത്രമാകുന്നു. ആത്മാർത്ഥതയും പത്രസ്വാതന്ത്ര്യവും നിഹനിക്കപ്പെടുന്നു. മാധ്യമങ്ങളുടെ മത്സരയോട്ടത്തിൽ സാമൂഹ്യപ്രതിബദ്ധത അവർ മറക്കുന്നു.
നാല് നെടുംതൂണുകളിൽ--പാർലമെന്റ്, എക്‌സിക്യൂട്ടീവ്, ജുഡിഷ്യറി, പത്രങ്ങൾ--നാലാമത്തെ തൂണാണ് (4th Estate) പത്രങ്ങൾ അഥവാ മാധ്യമങ്ങൾ. മറ്റ് മൂന്നു തൂണുകൾ നേരെയായാൽ മാത്രമേ ഈ തൂണ് നന്നായി ഉറയ്ക്കുകയുള്ളൂ. ധാർമ്മികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പത്രമര്യാദകൾ പാലിക്കുന്ന പത്രങ്ങളെ രാഷ്ട്രീയ ഭരണക്രമത്തിൽനിന്നും വ്യത്യസ്തമായി ധാർമ്മികഭരണക്രമമായും വിശേഷിപ്പിക്കാം. സാക്ഷരത, വിദ്യാഭ്യാസം, മാധ്യമപ്രചാരനിരക്ക് (Media Diffusion Rate) എന്നിവയിൽ കേരളം മുന്നിട്ടു നിൽക്കുന്നു. വിജ്ഞാനം, വിദ്യാഭ്യാസം, വിനോദം എന്നീ ത്രി.വി.യിൽ ഊന്നിയ ബഹുജനമാധ്യമങ്ങൾക്ക് സാമൂഹിക പ്രസക്തിയുമുണ്ട്. മലയാളിസ്വത്വം, കേരളീയസംസ്‌കാരം, ഇന്ത്യൻ ദേശീയത, ശാസ്ത്രീയത, യുക്തിബോധം, മാനവികത എന്നിവയെ ഊട്ടിയുറപ്പിച്ച് നവീനമായ കേരളസമൂഹത്തെ രാഷ്ട്രീയ, ജാതീയ മതപരമായ വിഭിന്നതകൾക്കിടയിലും രൂപപ്പെടുത്താൻ കഴിയുന്ന മാധ്യമങ്ങളുടെ പങ്ക് മാധ്യമപ്രവർത്തകർ വിസ്മരിച്ചുകൂടാ.
ദൃശ്യ സൈബർ മാധ്യമങ്ങളുടെ അതിപ്രസരം ഒരു വശത്ത്. ഭാഷ, ഉള്ളടക്കം മാത്രമല്ല മാധ്യമം തന്നെ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കാലത്തോടൊപ്പം മാധ്യമസംസ്‌കാരവും മാറ്റങ്ങളുടെ നൈരന്തര്യത്തിന് സാക്ഷിയാകുന്നു. മാത്രമല്ല, വിധേയപ്പെടുകയും ചെയ്യുന്നു. വിപ്ലവങ്ങൾ പണ്ട് വല്ലപ്പോഴും സംഭവിച്ചിരുന്ന ഒരു സ്ഥിതിവിശേഷമെങ്കിൽ, ഇന്ന് സദാ വിപ്ലവങ്ങളുടെ സാഹചര്യമാണ്. സിഗ്മൺഡ് ബൗമന്റെ വാക്കുകളെ ഇവിടെ കൂട്ടിച്ചേർത്തു വായിക്കാവുന്നതാണ്. 'ഇന്ന് നാം ഒരു സ്ഥിരംവിപ്ലവത്തിന്റെ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. ഇപ്പോൾ സമൂഹം ജീവിക്കുന്ന രീതിയാണ് വിപ്ലവം; സമൂഹത്തിന്റെ 'സാധാരണസ്ഥിതിയായി വിപ്ലവം മാറിയിരിക്കുന്നു.' വിദ്യാഭ്യാസവും കമ്മ്യൂണിക്കേഷനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായതിനാൽ കമ്മ്യൂണിക്കേഷൻ വിപ്ലവം നടക്കുന്ന ഈ ഘട്ടത്തിൽ വിദ്യാഭ്യാസനയം രൂപപ്പെടുന്നുന്നതിനൊപ്പം കമ്മ്യൂണിക്കേഷൻ നയവും രൂപീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
..........

No comments:
Post a Comment