മരട് ഫ്ലാറ്റ്കളുടെ അസ്തമയം
തീരനിയമം ലംഘിച്ച് മരടിൽ പടുത്തുയർത്തിയ നാലു ഫ്‌ളാറ്റുകളും മണ്ണോടു ചേർന്നു. നെഞ്ചു നിറയെ വെടിമരുന്നുമായി നിന്നിരുന്ന അംബരചുംബികൾ പൊടിയും പുകയുമായി വായുവിലലിഞ്ഞു. മൂന്നുമാസം മുമ്പവരെ സന്തോഷത്തിന്റെ കായലോളങ്ങൾ നിറഞ്ഞിരുന്ന ഇവ ഇനി ഓർമ്മയിലെ ഒരു നൊമ്പരമാണ്.
കൃത്യതയാർന്ന ആസൂത്രണത്തിന്റെയും കാർക്കശ്യമായ നടപ്പാക്കലിന്റെയും വിജയം കൂടിയാണീ പൊളിക്കൽ. ഹോളി ഫെയ്ത്ത് എച്ച് ടു ഒ, അൽഫ സെറീൻ, ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് നിലം പതിച്ചത്. ഇവ നിന്ന സ്ഥാനത്ത് ഒരു കോൺക്രീറ്റ് ശ്മശാനം ഉയർന്നു. ആൽഫാ സെറീൻ പൊളിച്ചത് വിജയ് സ്റ്റീൽസും മറ്റു മൂന്നു സമുച്ചയങ്ങൾ പൊട്ടിച്ചത് മുംബൈയിലെ എഡിഫിസ് എൻജിനീയറിങ്ങുമാണ്.തകർക്കലും ജനങ്ങൾ ആഘോഷമാക്കുകയായിരുന്നു.
ബഹുനില കെട്ടിടങ്ങൾ വീണപ്പോൾ ഒപ്പം വീണത് ചില ധാരണകളും ധാർഷ്ട്യവും സ്വപ്നങ്ങളും ആശങ്കകളുമാണ്. സ്വാധീനം ചെലുത്തി ഏതു നിയമലംഘനവും നടത്താമെന്ന ധാരണ, എന്തു കുറ്റകൃത്യം ചെയ്താലും പിഴയടച്ച് രക്ഷപ്പെടാമെന്ന ധാരണ, പരിസ്ഥിതിയെ അവസാനം പരിഗണിച്ചാൽ മതിയെന്ന ധാരണ; വ്യക്തമായ നിയമങ്ങളുണ്ടായിട്ടും അതിനെ ലംഘിക്കാമെന്ന ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം, തുടരെ അപ്പീലുകൾ നൽകി കോടതിയെ അലോസരപ്പെടുത്തി വിധി മറി കടക്കാമെന്ന ധാർഷ്ട്യം; ഇതെല്ലാം ഇല്ലാതായി, ഉള്ളത് സ്വരൂക്കൂട്ടിയും വിറ്റു പെറുക്കിയും നഗരത്തിൽ സ്വന്തമാക്കിയ വീടെന്ന സ്വപ്നം, ഒന്നിച്ചു കളിച്ചുവളർന്ന അന്തരീക്ഷത്തിൽ നിന്ന് പെട്ടെന്ന് പറിച്ചെറിയപ്പെട്ട കുട്ടികളുടെ സ്വപ്നം എല്ലാം ഒരു നൊടിയ്ക്കുള്ളിൽ പൊലിഞ്ഞു. വലിയ സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ തകർന്നപ്പോൾ വൻദുരന്തമോ അപകടമോ ഉണ്ടാകുമോ, ഇത്രയും കൃത്യതയോടെ സ്‌ഫോടനം നടപ്പിലാക്കാൻ പറ്റുമോയെന്ന ഉദ്യോഗസ്ഥരുടെ ആശങ്കകളും അസ്ഥാനത്തായി.
കാറ്റിന്റെ ഗതിയനുസരിച്ച് പടരുമെന്നതിനാൽ വരും നാളുകളിൽ രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഉത്കണ്ഠപ്പെടുന്നു. ഫ്‌ളാറ്റ് പൊളിച്ചപ്പോഴുണ്ടായ കൂറ്റൻ കോൺക്രീറ്റ് മാലിന്യം നീക്കം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് 'റബിൾ മാസ്റ്റർ' എന്ന യന്ത്രമാണ്. കോൺക്രീറ്റ് മാലിന്യം എം. സാൻഡാക്കി മാറ്റുന്നത് ഈ ഓസ്ട്രിയക്കാരനാണ്. ഈ യന്ത്രം ആദ്യമായാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. കോൺക്രീറ്റ് മാലിന്യം എസ്‌കവേറ്റർ ഉപയോഗിച്ച് ഫീഡറിലേക്ക് നിക്ഷേപിക്കും. മാലിന്യം പൊടിഞ്ഞ് 'മെഷ്' എന്ന വിരിപ്പുണ്ടാകും. മണലരിക്കുന്ന അരിപ്പപോലെയാണിത്. പൊടിഞ്ഞശേഷം കൺവെയർ ബെൽറ്റിലേക്ക് വീഴും. അതിലൂടെത്തന്നെ എം.സാൻഡ് പുറത്തേക്ക്. സാധാരണ ആറ് എം.എം, 12 എം.എം സൈഡുകളിലാകും എം സാൻഡാക്കി മാറ്റുക. ഇതിന് നാലു കോടി രൂപ വില വരും. ഒരു മണിക്കൂറിൽ 150 ടൺ കോൺക്രീറ്റ് മാലിന്യം എം. സാൻഡാക്കിമാറ്റും. ഡീസൽ ഉപയോഗിച്ചാണീ യന്ത്രം പ്രവർത്തിക്കുന്നത്.
ആരും നിയമത്തിന് അതീതരല്ലെന്ന് വിശ്വസിക്കുമ്പോഴും അർഹിക്കുന്ന ശിക്ഷയാണിതെന്നു വാദിക്കുമ്പോഴും മരടിലെ സ്വപ്നക്കൂടാരങ്ങൾ തകർന്നു വീഴുന്ന കാഴ്ച മനസ്സിനെ തളർത്തുന്നു. അജ്ഞാതമായ ഏതോ ഒരു വിഷാദം ചിന്തകളിലും സിരകളിലും ഹൃദയത്തിലും വന്നു നിറയുന്നു. ഇവിടെ ചേക്കറിയിരുന്ന ഏതോ മനുഷ്യരുടെ തേങ്ങലുകൾ പിൻവിളിയായി കേൾക്കുന്നു. മാധ്യമലോകത്ത് വൈകാരികതയ്ക്ക് ഇടമില്ല. ഒരു നിയമലംഘനത്തെയും വൈകാരികതകൊണ്ട് സാധുകരിക്കാനാവില്ല എന്നറിയാം. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നത് പ്രകൃതി നിയമമാണ്. എന്നാൽ ചില ഉത്തരവാദിത്വങ്ങൾ നിയമത്തിനും സമൂഹത്തിനുമുണ്ട് എന്നതും വിസ്മരിച്ചു കൂടാ. സംരക്ഷിക്കേണ്ടത് നമുക്ക് നിയമത്തെ മാത്രമല്ല, മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും സമ്പാദ്യത്തെയും കൂടിയാണ്. ഇതും ഒരു സാമൂഹ്യ പ്രതിബദ്ധതയാണ്. മനുഷ്യപക്ഷചിന്തയുമാണ്.
മരട് ചില ചിന്തകൾക്കും തിരികൊളുത്തി.
മരടിലെ ഫ്ലാറ്റുകൾ ഓർമ്മയായി. ഈ ഫ്ലാറ്റുകൾ കെട്ടിപ്പടുക്കുന്നതിന് വർഷങ്ങളെടുത്തിരുന്നു. ഇതിന്റെ basement മാത്രം പൂർത്തിയാക്കുവാൻ മാസങ്ങൾ വേണ്ടി വന്നിരുന്നു. ആ കെട്ടിടങ്ങളുടെ പ്ലാൻ വരച്ച എൻജിനീയർ ആയിരിക്കില്ല അതിൻറെ basement നിർമ്മിച്ചത്. സ്ട്രക്ചറൽ എൻജിനീയർ ആയിരിക്കും അടിത്തറ നിർമ്മിച്ചത്.
അപ്പോൾ ഈ ഫ്ലാറ്റുകൾ ഉയരുന്നതിന് വർഷങ്ങൾ വേണ്ടി വന്നു. എന്നാൽ അത് പൊളിച്ചു മാറ്റുന്നതിന് മണിക്കൂറുകൾ മതിയായിരുന്നു
ഇത് നമുക്ക് തരുന്ന ചില ചിന്തകൾ ഉണ്ട്. മനുഷ്യബന്ധങ്ങൾ രൂപപെടുന്നതിനു നാളുകൾ ആവശ്യമാണ്. ഒരു സുഹൃത്ത് ബന്ധമോ, ബന്ധുക്കളുമായി ഉള്ള ബന്ധങ്ങളോ ദൃഡപ്പെടുന്നത് നാളുകൾ ആയുള്ള ഇടപഴകുകളിൽ കൂടി ആണ്. എന്നാൽ ഇത്തരം നാളുകളായുള്ള ബന്ധങ്ങൾ തകരാൻ നിമിഷങ്ങൾ മതി. നമ്മുടെയൊക്കെ പല ബന്ധങ്ങളും രൂപപ്പെട്ടത് ഒരു മണിക്കൂർ കൊണ്ടോ രണ്ടു മണിക്കൂർ കൊണ്ടോ ഒരു ദിവസം കൊണ്ടോ ആയിരിക്കില്ല. ഇപ്പോൾ നമുക്കുള്ള പല ബന്ധങ്ങളും ദീർഘനാൾ കൊണ്ട് ഉണ്ടായ ആഴമേറിയ ബന്ധങ്ങളാണ്. എന്നാൽ ഇത് തകരുവാൻ മിനിറ്റുകൾ മാത്രം മതിയാകും. ചില വാക്കുകൾ, ചില സംസാരങ്ങൾ, ചില ഫോൺകോളുകൾ, ചില മെസേജുകൾ, ഒക്കെ ബന്ധങ്ങൾ തകരുന്നത് ഇടയായി തീരുന്നവയാണ് എന്ന് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നു. നാം ബന്ധങ്ങളെ പണിയുന്നവർ ആയിത്തീരണം. ബന്ധങ്ങൾ തകർക്കുന്നവരാകരുത്.
ഒന്നോർക്കുക ബന്ധങ്ങൾ പണിയാൻ വർഷങ്ങൾ വേണ്ടി വരാം എന്നാൽ ബന്ധങ്ങൾ തകരാൻ മിനിറ്റുകൾ മതി.

No comments:
Post a Comment