Saturday, January 11, 2020

വിൽപ്പനയ്ക്ക് വച്ച വിദ്യാഭ്യാസം 1

വില്പനയ്ക്കു വെച്ച വിദ്യാഭ്യാസം 1 




https://english.manoramaonline.com/news/columns/straight-talk/practical-approach-loss-making-kerala-schools-malaparamba.html

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളർച്ച ഏതെങ്കിലുമൊരു ഏജൻസിയുടെ പ്രവർത്തനത്തിന്റെ മാത്രം ഫലമല്ല . സാമുദായിക സംഘടനകൾ, സാമൂഹ്യ പരിഷ്കർത്താക്കൾ, ജനാധിപത്യ പ്രസ്ഥാങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ അവരവരുടെ പങ്കു നിർവ്വഹിച്ചിട്ടുണ്ട്.  ഈ വളർച്ചയുടെ പടവുകൾ ശ്രദ്ധേയമാണ്.  ഗവണ്മെന്റു തുടങ്ങിയ സ്‌കൂളുകൾ കൂടാതെ സാമൂഹ്യപരിഷ്‌ക്കരണപ്രസ്ഥാനങ്ങൾ അനവധി വിദ്യാലയങ്ങൾ സ്ഥാപിച്ചു.  ജനങ്ങളിൽനിന്ന് പിരിവെടുത്തും ഭൂമിയടക്കമുള്ള സംഭാവനകൾ സ്വീകരിച്ചുമാണ് വിദ്യാലയങ്ങൾ ആരംഭിച്ചത്.  പല സ്‌കൂളുകളും നിലനിന്നതുതന്നെ ജനങ്ങളുടെ പിൻതുണകൊണ്ടു മാത്രമായിരുന്നു.

ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ദേശീയവാദികൾ നിരവധി പ്രദേശങ്ങളിൽ സ്‌കൂളുകൾ സ്ഥാപിച്ചു.  തൊഴിലാളികളും കർഷകരുംവരെ സ്ഥാപിച്ച സ്‌കൂളുകൾ ഉണ്ടായിരുന്നു.  മാനേജ്‌മെന്റ് സ്‌കൂളുകളിൽനിന്നു പിരിച്ചുവിടപ്പെട്ട അദ്ധ്യാപകർ ബദൽ ്‌സ്‌കൂളുകൾ നടത്തുകയുണ്ടായി.  സമൂഹത്തിന്റെ ഉപരിതലവർഗ്ഗത്തിൽപ്പെട്ടവരായിരുന്നില്ല ഭൂരിഭാഗം അദ്ധ്യാപകരും.  വളരെ തുച്ഛമായ ശമ്പളം മാത്രമാണ് ഭൂരിഭാഗത്തിനും ലഭിച്ചത്.  പക്ഷേ, അവരുടെ അർപ്പണബോധവും ജനങ്ങളുമായുള്ള ബന്ധവും വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് പ്രധാനമായിരുന്നു.  ഗ്രാമപ്രദേശങ്ങളിലെ സാംസ്‌കാരികനേതൃത്വം പലപ്പോഴും അദ്ധ്യാപകർക്കായിരുന്നു.  നിരവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുന്നതിനും അദ്ധ്യാപകർക്കു സാധിച്ചു.

ഈ സാഹചര്യത്തിൽ കേരളത്തിൽ വളർന്നുവന്ന ഗവണ്മെന്റ് എയിഡഡ് സ്‌കൂളുകളെ വിദ്യാഭ്യാസത്തിന്റെ പൊതുസമ്പത്തായാണു കണ്ടിരുന്നത്.  ജനസാമാന്യത്തെ അകറ്റിനിർത്തി അകറ്റിനിർത്തി സമൂഹത്തിലെ ഉപരിവർഗ്ഗത്തിനു മാത്രം വിദ്യാഭ്യാസം നല്കുന്ന രീതി വളർന്നുവന്നില്ല.  അതുതന്നെയാണ് ഇവിടത്തെ പൊതുവിദ്യാഭ്യാസത്തിനു അടിത്തറായതും കേരളത്തിൽ സാർവ്വത്രികവിദ്യാഭ്യാസ വളർന്നുവരാൻ കാരണമായതും.

1964 ലെ എൻ.സി.ഇ.ആർ.ടി. യുടെ സ്ഥാപനവും 1975  ദേശീയ കരിക്കുലവും സമഗ്രമായ കരിക്കുല പരിഷ്‌ക്കരണത്തിനുള്ള സാധ്യതകൾ വളർത്തിയിരുന്നു.  ആൾ പ്രൊമോഷൻ പദ്ധതി, അദ്ധ്യാപകരുടെ തൊഴിലിൽ വന്ന സുസ്ഥിരത തുടങ്ങിയവ ഒരു പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനുള്ള ഭൗതികസാഹചര്യങ്ങളും വളർത്തിയിരുന്നു. ഗവണ്മെന്റ് എയ്ഡഡ്, മേഖലകളിൽ സമഗ്രമായ പാഠ്യപദ്ധതിപരിഷ്‌ക്കാരം നടപ്പിലാക്കാമായിരുന്നു.  എന്നാൽ പാഠപുസ്തകങ്ങളിലും പരീക്ഷകളിലും വന്ന ചില മാറ്റങ്ങളൊഴിച്ചാൽ ബോധനക്രമത്തിൽ മാറ്റങ്ങളുണ്ടായില്ല.  അതായത് കൊളോണിയൽ കാലഘട്ടത്തിലെ ഉപരിവർഗ്ഗസ്‌കൂളുകളിലെ ബോധനരൂപങ്ങൾ തന്നെയാണ് പൊതുവിദ്യാഭ്യാസത്തിലും തുടർന്നുവന്നത്.  

പൊതുവിദ്യാഭ്യാസത്തെ നിലനിർത്തിപ്പോന്ന ഒരു പ്രധാന ഘടകം വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ജനാധിപത്യശക്തികളുടെ തുടർച്ചയായ സമരങ്ങളാണ്.  വിദ്യാഭ്യാസരംഗത്തെ ജനാധിപത്യസമരങ്ങൾക്ക് നിരവധി തലങ്ങളുണ്ട്.  1921 ലെ വിദ്യാർത്ഥിസമരം തുടങ്ങിയത് അമിത ഫീസ് ഈടാക്കിയ പ്രശ്‌നത്തിനായിരുന്നു. .1930 കളിലെ അധ്യാപക സമരങ്ങൾ മാനേജർമാരുടെ ശമ്പളം തടഞ്ഞുവയ്ക്കൽ, അക്കാഡമിക് സ്വാതന്ത്ര്യത്തിന്റെ നിഷേധം, പിരിച്ചു വിടൽ തുടങ്ങിയ നടപടികൾക്ക് എതിരെ ആയിരുന്നു. 1930 കളിൽ തന്നെയാണ് ആദ്യമായി ഒരു അധ്യാപക യൂണിയനും പിന്നീട് അഖിലേന്ത്യ തലത്തിൽ സ്ഥാപിക്കപ്പെട്ട സ്റ്റുഡന്റസ് ഫെഡറേഷനും ഉണ്ടായതു. പിന്നീട് വിദ്യാർഥി കോൺഗ്രസ്‌,  മുസ്ലിം സ്റ്റുഡന്റസ് അസോസിയേഷൻ എന്നീ സംഘടനകൾ ഉണ്ടായി. വിദ്യാർത്ഥി രംഗത്ത് SFI, KSU , ABVP, മുതലായ നിരവധി സംഘടനകൾ നിലവിൽ വന്നു. 
അറുപതുകളിലും എഴുപതുകളിലും പൊതുവിദ്യാഭ്യാസത്തിന്റെ കാതലായ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സമരംചെയ്യാൻ ഇവർക്കു കഴിഞ്ഞു.

എഴുപതുകളിലെ വേതനവ്യവസ്ഥകൾ ഏകീകരിക്കാനുള്ള സമരവും ഇതിനുദാഹരണമാണ്.  എഴുപതുകളിൽ സമരത്തിന്റെ മുഖം പ്രധാനമായി വിദ്യാഭ്യാസരംഗത്തെ വാണിജ്യവൽക്കരണത്തിനെതിരായി തിരിഞ്ഞു.  പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനും കച്ച വടശക്തികൾക്കതിരായി സമരം ചെയ്യുന്നതിനും മുന്നിട്ട് ഇറങ്ങുന്ന സംഘടനകൾക്കാണ് ഇന്ന് അക്കാദമിക് രംഗത്ത് ഏറ്റവുമധികം സ്വാധീനശക്തിയുള്ളത്.  ജനങ്ങളുടെ മനസ്സ് പൊതുവിൽ പൊതുവിദ്യാഭ്യാസത്തിന് അനുകൂലമാണ് എന്ന സൂചനയാണ് ഇനി നൽകുന്നത്.
എൺപതുകൾ മുതലാണ് മേൽ സൂചിപ്പിച്ച വൈരുദ്ധ്യം പ്രകടമാകുന്നത്. അതുവരെ പൊതുതാല്പര്യങ്ങളും സ്വകാര്യതാല്പര്യങ്ങളും ഏറ്റുമുട്ടിയിരുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ തട്ടകത്തിൽ തന്നെയായിരുന്നു.  സൗജന്യസാർവത്രിക വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ പ്രവർത്തനത്തിനും അദ്ധ്യാപകരുടെ സേവന-വേതനവ്യവസ്ഥകളിലുമുള്ള പൊതുമാനദണ്ഡങ്ങൾ, അധഃസ്ഥിതരുടെ സംവരണമടക്കമുള്ള സാമൂഹ്യനീതി തുടങ്ങിയവയെല്ലാം ഔപചാരികതലത്തിലെങ്കിലും ഏവരും അംഗീകരിച്ചിരുന്നു.  പൊതുമാനദണ്ഡം അനുസരിച്ചുള്ള പാഠ്യപദ്ധതിയും പരീക്ഷാസമ്പ്രദായവും നടപ്പിലാക്കാനും തയ്യാറായിരുന്നു.
ഈ പൊതുസമീപനമാകെ തകിടംമറിയുന്നത് എൺപതുകളിലാണ്.  ജാതി-മതശക്തികളുടെ മദ്ധ്യവർഗ്ഗതാല്പര്യങ്ങളും ചേർന്ന് പൊതുവിദ്യാഭ്യാസത്തിൽനിന്നു മാറുകയും അൺ-എയ്ഡഡ് അംഗീകൃത വിദ്യാലയങ്ങൾ ആരംഭിക്കുകയും ചെയ്തു.  പൊതുമേഖലയിൽനിന്നു ഭിന്നമായി മെഡിക്കൽ-എൻജിനീയറിങ് കോഴ്‌സുകൾക്കുവേണ്ടി സ്വകാര്യമേഖല ശബ്ദമുയർത്തുന്നത് അപ്പോഴാണ്.  അതുവരെ കേരളത്തിൽ ആറ് എൻജിനീയറിങ് കോളേജുകളും അഞ്ചു മെഡിക്കൽ കോളേജുകളും മാത്രമാണ് ഉണ്ടായിരുന്നത്.  പ്രീഡിഗ്രി സയൻസ് ഗ്രൂപ്പുകളിൽനിന്ന് ഉയർന്ന മാർക്കുള്ളവരും താല്പര്യമുള്ള കുട്ടികളും മാത്രമാണ് പ്രവേശനം നേടിയതും.  അത്രയും യോഗ്യതയില്ലാത്ത സമ്പന്നരുടെ മക്കൾ മണിപ്പാൽപോലെയുള്ള കോളേജുകളിൽ ഉയർന്ന ഫീസ് കൊടുത്ത് പ്രവേശനം നേടി.  എന്നാൽ എൺപതുകളിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു ലഭിച്ച മദ്ധ്യവർഗ്ഗസ്വീകാര്യത കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടാകേണ്ട ആവശ്യകത വർദ്ധിപ്പിച്ചു.  അങ്കമാലിയിൽ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രസിദ്ധനായ ഒരു നേത്രഭിഷഗ്വരനുവേണ്ടി ഓപ്ത്താൽമോളജി എം.ഡി. കോഴ്‌സ് അനുവദിക്കാൻ ഗവണ്മെന്റ് എടുത്ത തീരുമാനം ഇതിന്റെ തുടക്കമാണ്.  ഇതേ ശക്തികൾ ചേർന്നാണ് കോട്ടയം കേന്ദ്രീകരിച്ച് ഒരു സർവ്വകലാശാലയ്ക്കുവേണ്ടി  വാദിച്ചു  ഗാന്ധിജി (പിന്നീട് എം.ജി. സർവ്വകലാശാല) നിലവിൽവരുന്നത്.  സ്വകാര്യമേഖലയിൽ പോളിടെക്‌നിക്കുകൾ അനുവദിക്കാനുള്ള നീക്കവും ഇതേ പ്രവണതയുടെ ഭാഗമായിരുന്നു.  ഈ നീക്കങ്ങൾക്കെതിരായ ശക്തമായ സമരംമൂലം തൽക്കാലത്തേക്കെങ്കിലും ഈ തീരുമാനം പിൻവലിക്കേണ്ടിവന്നു.  പക്ഷേ, വരാൻപോകുന്ന മറ്റു പ്രവണതകളുടെ സൂചനയായിരുന്നു ഇത്.

No comments:

Post a Comment