Saturday, January 11, 2020

വിൽപ്പനയ്ക്ക് വച്ച വിദ്യാഭ്യാസം 2

വിൽപ്പനയ്ക്ക് വച്ച വിദ്യാഭ്യാസം 2




http://vjec.ac.in/

സ്‌കൂൾതലത്തിലും ജാതി-മത-മധ്യവർഗ്ഗശക്തികളുടെ സ്വാധീനം പ്രകടമായി.  കേന്ദ്രതലത്തിൽ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ രൂപീകരണം (സി.ബി.എസ്.ഇ.) അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും മെഡിക്കൽ-എൻജിനീയറിങ് കോഴ്‌സുകൾക്ക് ആരംഭിച്ച (കേരളത്തിൽ കോടതിവിധി വഴി നിർദ്ദേശിക്കപ്പെട്ട) പ്രവേശനപ്പരീക്ഷകൾ, 1986-ലെ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ ഹയർ സെക്കണ്ടറി ആരംഭിക്കാനുള്ള നീക്കം എന്നിവ ചേർന്നാണ് പ്രിഡിഗ്രി ബോർഡ് എന്ന ആശയത്തിലേക്ക് നീങ്ങിയത്.  സ്‌കൂൾ തലത്തിൽ 10-ാം ക്ലാസ്സിന്റെ തുടർച്ചയായ 11-ും 12-ും ക്ലാസ്സുകൾ ആരംഭിക്കുന്നതിനു പകരം പ്രീഡിഗ്രി കോളേജുകളിൽനിന്നു വേർപെടുത്തുകയും അൺ എയ്ഡഡ് മേഖലയ്ക്കുകൂടി പങ്കാളിത്തുള്ള ഒരു ബോർഡിന്റെ കീഴിൽ കൊണ്ടുവരാനുമായിരുന്നു അന്നത്തെ നീക്കം. സ്‌കൂൾതലത്തിൽനിന്ന് പ്രീഡിഗ്രി ബോർഡിനെ വേർപെടുത്താനുള്ള നീക്കംതന്നെ പൊതുവിദ്യാഭ്യാസത്തിൽനിന്നു വേറിട്ടുള്ള സമാന്തരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. പ്രീഡിഗ്രി ബോർഡിനുള്ള നീക്കം ശക്തമായ എതിർപ്പിനു ഇടയാക്കി.  കോളേജ് അദ്ധ്യാപകരും സർവ്വകലാശാലാജീവനക്കാരും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും യോജിച്ച് പ്രതിഷേധിച്ചതുമൂലം പ്രീഡിഗ്രി ബോർ്ഡ് നീക്കം സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു.  എങ്കിലും അന്നത്തെ സർക്കാരിന്റെ കാലാവധി കഴിയുന്നതിനു മുമ്പുതന്നെ വിപുലമായ ഒരു അൺഎയ്ഡഡ് ശൃംഖല കേരളത്തിൽ നിലവിൽ വന്നിരുന്നു.  എസ്.എസ്.എൽ.സി. പരീക്ഷകളിലും അൺ എയ്ഡഡ് മേഖല നേടിയ വിജയങ്ങൾ മധ്യവർഗ്ഗരക്ഷിതാക്കളുടെ ഇടയിൽ ഇവരുടെ പദവി വർദ്ധിപ്പിച്ചു.

സ്വകാര്യവൽക്കരണത്തേയും പൊതുവിദ്യാഭ്യാസത്തിൽ നിന്നുള്ള വ്യതിയാനത്തേയും ന്യായീകരിക്കുന്ന വിധത്തിലുള്ള വാദമുഖങ്ങൾ 90 കളുടെ ആദ്യത്തോടെ വ്യക്തമായ രാഷ്ട്രീയനിലപാടുകളായി വികസിച്ചു.  ഈ നിലപാടുകൾ പ്രധാനമായും താഴെ പറയുന്നവയാണ്:

സർക്കാർ വരുമാനത്തിന്റെ അതിഭീമമായ വിഹിതം (40% വരെ) ഗവണ്മെന്റ് വിദ്യാഭ്യാസത്തിനുവേണ്ടി ചിലവാക്കുകയാണ്.  അതിൽ ഭീമമായ  ഒരു സംഖ്യ അദ്ധ്യാപകരുടേയും അനദ്ധ്യാപകജീവനക്കാരുടേയും ശമ്പള ഇനത്തിൽ മാത്രമാണ് ചെലവഴിക്കുന്നത്.  ഇത്രയും വലിയ സംഖ്യം പാഴായിപ്പോകുകയും മറ്റു മേഖലകളിലെ വികസനപ്രവർത്തനങ്ങൾക്ക് ഇതൊരു തടസ്സമായിത്തീരുകയും ചെയ്യുന്നു.

വിദ്യാഭ്യാസപ്രവർത്തനം എന്നത് ഒരു പൊതു പ്രവർത്തനമാണ്.  അതിലേയ്ക്ക് മുഴുവൻ തുകയും നൽകാൻ ഒരു ഭരണകൂടത്തിനും കഴിയില്ല. 1986-ലെ വിദ്യാഭ്യാസനയത്തിൽ സമൂഹപങ്കാളിത്തത്തെക്കുറിച്ച് പറയുന്നുണ്ട്.  അത് കേരളത്തിലും നടപ്പാക്കേണ്ടതാണ്.

സ്‌കൂൾവിദ്യാഭ്യാസം സാർവത്രികമാകുന്നു.  പക്ഷേ, ഉന്നതവിദ്യാഭ്യാസം അങ്ങനെയല്ല.  അവിടെയും സ്ഥാപനങ്ങളുടെ പ്രവർത്തനച്ചിലവ് സർക്കാർ ഏറ്റെടുക്കുക എന്നത് അശാസ്ത്രീയമാണ്.  അതുകൊണ്ട് ഗുണഭോക്താക്കളായ വിദ്യാർത്ഥികൾതന്നെ ചിലവിന്റെ നല്ലൊരു ഭാഗം വഹിക്കണം.

കേരളത്തിൽ സമ്പന്നരായ മധ്യവർഗ്ഗം ഉണ്ട്.  അവർ ഉന്നതനിലവാരമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി കേരളത്തിന്റെ പുറത്തുപോകുന്നു.  കർണ്ണാടകയിലുള്ള ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങിയിരുന്ന സ്ഥാപനങ്ങളിൽ (ഉദാ: മണിപ്പാൽ) ഇഷ്ടംപോലെ മലയാളി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  അവർ അവിടെ ഫീസായും കോഴയായും നല്കുന്ന പണം കേരളത്തിൽ തന്നെ നിലനിർത്തുകയാണെങ്കിൽ ഇവിടെയും ധാരാളം പ്രൊഫഷണൽ സ്ഥാപനങ്ങൾ തുടങ്ങാം.

http://vjec.ac.in/

പുതിയ സാമൂഹ്യ വ്യവസ്ഥയ്ക്ക് പുതിയ വിദ്യാഭ്യാസം ആവശ്യമാണ്.  ഉദാഹരണത്തിന് ഐ.ടി. ,ബയോടെക്‌നോളജി മുതലായ മേഖലകളിലെല്ലാം വേണ്ടിവരുന്ന അധികച്ചെലവ് വഹിക്കാൻ ഗവണ്മെന്റിന് ആവില്ല. അതുകൊണ്ട് വിദ്യാഭ്യാസരംഗത്ത് താത്പര്യമുള്ള സംരംഭകർ മുന്നോട്ടു വരികതന്നെ വേണം.

അതുവരെ മധ്യവർഗ്ഗവും അവരുടെ താത്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയശക്തികളും  മുന്നോട്ടുവച്ച വാദങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഇവയെല്ലാം.  കേരളം വിദ്യാഭ്യാസരംഗത്ത് ചിലവഴിച്ച തുക ആ രംഗത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമായിട്ടായിരുന്നു അതുവരെ പരാമർശിക്കപ്പെട്ടിരുന്നത്.  എന്നിട്ടും വിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ, പഠനസാഹചര്യങ്ങൾ തുടങ്ങിയവയ്ക്കാവശ്യമായ പണം നൽകാൻ സർക്കാരിനു കഴിയുന്നില്ലെന്നും ആ വിഹിതം വർദ്ധിപ്പിക്കണമെന്നുമായിരുന്നു അന്നത്തെ ആവശ്യം.  എന്നാൽ മധ്യവർഗ്ഗശക്തികൾ വാദിച്ചത് ഇപ്പോൾ തന്നെ സർക്കാർ ചിലവഴിക്കുന്നത് അധികമാണെന്നും സർക്കാർ ആ മേഖലയിൽനിന്ന് പിന്മാറണം എന്നുമായിരുന്നു.  1986-ലെ നയത്തെ ആധാരമാക്കി ഉയർത്തപ്പെട്ട വാദങ്ങൾ കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തെ പരിഹസിക്കുന്നതിനു തുല്യമായിരുന്നു.  സർക്കാർ മുൻകൈ എടുത്തിരുന്നെങ്കിലും സമൂഹപങ്കാളിത്തത്തോടെ തന്നെയാണ് കേരളത്തിൽ വിദ്യാഭ്യാസവ്യാപനം ഉണ്ടായത്.  കേരളത്തിലെ നല്ലൊരു ശതമാനം ഗവണ്മെന്റ് വിദ്യാലയങ്ങളുടേയും ഭൂമി നാട്ടുകാരുടെ സംഭാവനയാണ്.  ഉത്പന്ന പിരിവുവരെ നടത്തി കെട്ടിടങ്ങൾ ഉണ്ടാക്കിയ കഥകൾ ഉണ്ട്.  ഇടവകകളിൽനിന്നു പിരിവുനടത്തിയാണ് പല ക്രിസ്തീയവിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടായത്.
പക്ഷേ, എൺപതുകളിൽ എത്തിയതോടെ ഈ ആദ്യകാല സാമൂഹ്യപരിഷ്‌ക്കരണത്വര സാമൂദായികശക്തികൾ ഉപേക്ഷിച്ചിരുന്നു.  അവരുടെ സ്ഥാപനങ്ങൾക്കു ലഭിച്ച മധ്യവർഗ അംഗീകാരം ഉപയോഗിച്ച് വിദ്യാഭ്യാസരംഗത്തും സമൂഹത്തിലും സ്വന്തമായ ഇടങ്ങൾ സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.  സാമൂഹികമായ പിന്തുണ പ്രയോജനപ്പെടുത്തുന്നതിനു പകരം മധ്യവർഗ്ഗരക്ഷിതാക്കളിൽനിന്നു വൻ കോഴ വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ഇവരിൽ പലരും മടിച്ചില്ല.  നഴ്‌സറി ക്ലാസ്സുകളിൽപോലും വൻ സംഭാവനകൾ വ്യാപകമായി.  കുട്ടികളെ ഇന്റർവ്യൂ നടത്തി പ്രവേശിപ്പിക്കലും വ്യാപകമായി.  എസ്.എസ്.എൽ.സി. വിജയശതമാനം ഉയർത്താനായി 9-ാം ക്ലാസ്സിൽ കുട്ടികളെ തോല്പ്പിക്കാൻ തുടങ്ങി. (തിരുവനന്തപുരം കാർമൽ കോൺവെന്റിലെ വന്ദനാമേനോൻ എന്ന കുട്ടിയുടെ പ്രശ്‌നം  ഓർക്കേണ്ടതാണ്) സ്‌കൂളുകളിൽ തന്നെ അനൗപചാരിക കോച്ചിങ് സെന്ററുകൾ നിലവിൽ വന്നു.  അദ്ധ്യാപകനിയമനത്തിനു വാങ്ങിയിരുന്ന കോഴ വൻതോതിൽ വർദ്ധിച്ചു,  ലക്ഷങ്ങളുടെ തിരിമറി സർവ്വസാധാരണമായി .അതുവരെ കോഴ വാങ്ങാത്ത കോളേജുകൾ എല്ലാം മെറിറ്റ് മാനദണ്ഡങ്ങളും മറികടന്നു സ്വസമുദായങ്ങളെ നിയമിക്കാനാരംഭിച്ചു .വിദ്യാഭ്യാസം നേടുന്നതിൽ സാമുദായികത അടിച്ചേല്പിക്കാനും  പുതിയ പല സാമുദായികതയും വളർത്തുവാനുമാണ് ഈ നീക്കങ്ങൾ സഹായിച്ചത്.  കേരളത്തിൽ പിന്നീട് വളർന്നുവന്ന കച്ചവടവിദ്യാഭ്യാസത്തിന്റെ നാന്ദിയായിരുന്നു ഇത്.

സമ്പന്നമായ മധ്യവർഗ്ഗം കർണ്ണാടകയിൽ ചെലവാക്കുന്ന പണമായിരുന്നു പൊതുവിദ്യാഭ്യാസത്തിനെതിരായ ശക്തമായ തുറുപ്പുചീട്ട്.  സമ്പന്നരായ മധ്യവർഗ്ഗം കേരളത്തിൽ വളർന്നുവന്നിരുന്നുവെന്നത് (ഇപ്പോഴും ഉണ്ടെന്നതും) നേരാണ്. അവർ എത്ര പണമാണ് കർണ്ണാടകയിൽ ചെലവാക്കുന്നത് എന്നതിന് കൃത്യമായ ഒരു കണക്കുണ്ടായിരുന്നില്ല.  ചില പൊട്ടത്താപ്പു കണക്കുകളൊഴികെ ഇപ്പോഴും ഒരു വ്യക്തമായ കണക്കില്ല. ഈ പണം കേരളത്തിൽ ചിലവാക്കപ്പെടുമായിരുന്നോ എന്നും ഇവിടെ സ്വാശ്രയവിദ്യാഭ്യാസപ്രളയം ഉണ്ടായതിനുശേഷം കേരളത്തിലേക്കു തിരിച്ചുവന്നിട്ടുണ്ടോ എന്നും വ്യക്തമല്ല.  ഉയർന്ന അടിസ്ഥാനശേഷികൾ ആവശ്യമായ പോസ്റ്റുകൾക്ക് പ്രവേശനം ലഭിക്കാൻ മധ്യവർഗ്ഗത്തിന്റെ പണം മാത്രം മാനദണ്ഡമായാൽ മതിയെന്നുള്ള മുൻവിധിയും ഇവിടെ വ്യക്തമായിരുന്നു.  പ്രവേശനപരീക്ഷ എന്ന കടമ്പ കടന്നുകിട്ടേണ്ട പ്രശ്‌നവും പണമൊഴുക്കിയാൽ പരിഹരിക്കാം.  സംരംഭകരെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമാണ് വേറൊരു രസകരമായ വശം.  ഈ വാദങ്ങൾ ഉന്നയിക്കപ്പെടുന്ന കാലത്തും ജാതി-മത-സാമുദായിക ശക്തികൾ തന്നെയായിരുന്നു അൺ എയ്ഡഡ് മേഖലയിലെ ഏറ്റവും വലിയ സംരംഭകർ. അദ്ധ്യാപകനിയമനത്തിനും പ്രവേശനത്തിനും മറ്റും ഒരു ദാക്ഷിണ്യവും കൂടാതെ കോഴ വാങ്ങിയിരുന്ന ഇവരിൽ പലർക്കും സ്വന്തം സ്‌കൂളുകളേയും കോളേജുകളേയും നവീകരിക്കാനും മെച്ചപ്പെടുത്താനും ധാരാളം അവസരങ്ങൾ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നു.  സർക്കാർ വൻതോതിൽ നികുതിപ്പണം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസത്തെ ഉൾപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്.  അതേസമയം എയ്ഡഡ് അൺ-എയ്ഡഡ് സ്വാശ്രയമേഖലയിൽ വിദ്യാഭ്യാസത്തെ കോടികൾ സമ്പാദിക്കാനുള്ള അവസരമായി ചിലർ ഉപയോഗിക്കുന്ന അവസ്ഥയും നിലനിൽക്കുന്നു.
...........

No comments:

Post a Comment